
സാങ്കേതിക തകരാർ; മുംബൈ- മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് 12 മണിക്കൂർ വൈകി
|ശനിയാഴ്ച രാത്രി 9.50ന് പുറപ്പെടേണ്ട വിമാനം ഇന്ന് പുലർച്ചെ 7.20 നാണ് തിരിച്ചത്
മസ്കത്ത്: മുംബൈയിൽ നിന്ന് മസ്കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് 12 മണിക്കൂറോളം വൈകി. ഇതോടെ പ്രായമായവരും രോഗികളുമടക്കം 170 ഓളം യാത്രക്കാർ മുംബൈ വിമാനത്താവളത്തിൽ രാത്രി മുഴുവൻ ദുരിതത്തിലായി. എയർ ഇന്ത്യ എക്സ്പ്രസ് IX 235 ആണ് ശനിയാഴ്ച രാത്രി മുതൽ യാത്രക്കാരെ വലച്ചത്. മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനെത്തുടർന്ന് യാത്രക്കാരും എയർലൈൻ ജീവനക്കാരും തമ്മിൽ തർക്കവുമുണ്ടായി.
ഫെബ്രുവരി 14 ന് രാത്രി 9.50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ബോർഡിങ് സമയത്ത് ആദ്യം അരമണിക്കൂർ വൈകുമെന്ന് അറിയിച്ചെങ്കിലും, പിന്നീട് മൂന്ന് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിനുള്ളിൽ തന്നെ ഇരുത്തുകയും ഒടുവിൽ സാങ്കേതിക തകരാർ പരിഹരിക്കാനാവാത്തതിനെത്തുടർന്ന് എല്ലാവരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു. വിമാനത്തിൽ നിന്നിറക്കിയ യാത്രക്കാർക്ക് ട്രാൻസിറ്റ് പാസുകൾ നൽകുകയും വീണ്ടും സുരക്ഷാ പരിശോധനകൾക്ക് വിധേയരാകാൻ നിർദേശിക്കുകയും ചെയ്തു. ഇത് മുതിർന്ന പൗരന്മാരെ ഏറെ പ്രയാസപ്പെടുത്തി. വീൽചെയർ സഹായം ആവശ്യമായ യാത്രക്കാർക്ക് അത് നൽകാൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
ഇന്ന് പുലർച്ചെ 6.15 ന് വിമാനം പുറപ്പെടുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് 7.20 ലേക്ക് മാറ്റുകയായിരുന്നു. മസ്കത്തിൽ ഞായറാഴ്ച രാവിലെ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന നിരവധി യാത്രക്കാർ, വിമാനം വൈകിയത് കാരണം കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിനാൽ ജോലിസ്ഥലത്ത് അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു.