
പ്രതികൂല കാലാവസ്ഥ: എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്‌കത്ത്-കോഴിക്കോട് വിമാനം 10 മണിക്കൂർ വൈകി
|തിങ്കളാഴ്ച പുലർച്ചെ 2.50-ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 338 വിമാനം ഉച്ചയ്ക്ക് 12 മണിയോടെയാണ് യാത്ര തിരിച്ചത്
മസ്‌കത്ത്: മസ്‌കത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ റൂട്ടിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പത്ത് മണിക്കൂറിലധികം വൈകിയതോടെ യാത്രക്കാർ ദുരിതത്തിലായി. തിങ്കളാഴ്ച പുലർച്ചെ 2.50-ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 338 വിമാനം ഉച്ചയ്ക്ക് 12 മണിയോടെയാണ് യാത്ര തിരിച്ചത്. കേരളത്തിലെ പ്രതികൂല കാലാവസ്ഥയാണ് സർവീസ് വൈകാൻ കാരണമെന്ന് എയർ ഇന്ത്യ അധികൃതർ വിശദീകരിച്ചു.
യാത്രക്കാരെ ആദ്യം അറിയിച്ചത് വെറും രണ്ട് മണിക്കൂർ മാത്രമാണ് വിമാനം വൈകുകയെന്നാണ്. എന്നാൽ പിന്നീട് ഇത് ഉച്ചയോടുകൂടി മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അറിയിപ്പ് നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ ഏതാനും യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകി വിമാനത്തിലേക്ക് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൗണ്ടർ അടച്ചത് ആശയക്കുഴപ്പമുണ്ടാക്കി. ഇതോടെ മറ്റ് യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കി ഇവരെ ഹോട്ടലുകളിലേക്ക് മാറ്റുകയും ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു.
വിമാനം വൈകിയത് ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും യാത്ര പുറപ്പെട്ടവരെയാണ് ഏറെ ബാധിച്ചത്. നാട്ടിൽ പോയി അന്നുതന്നെ തിരിച്ച് വരുന്നവരും യാത്രക്കാരിൽ ഉൾപ്പെട്ടിരുന്നു. ഒമാന്റെ വിവിധ ദിക്കുകളിൽനിന്ന് വളരെ നേരത്തെ വിമാനത്താവളത്തിലെത്തിയ പല യാത്രക്കാരും വിമാനം വൈകുന്ന വിവരം അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കുന്നതും മറ്റ് ബദൽ മാർഗ്ഗങ്ങൾ ഒരുക്കാത്തതും എയർ ഇന്ത്യ എക്‌സ്പ്രസിന്റെ തികച്ചും നിരുത്തരവാദിത്വപരമായ സമീപനമാണെന്ന് യാത്രക്കാർ ആരോപിച്ചു.