< Back
Oman
App launched to integrate Oman’s EV infrastructure
Oman

സേവനങ്ങളും സ്മാർട്ടാകും; ഒമാനിൽ പുതിയ ഡിജിറ്റൽ EV പ്ലാറ്റ്ഫോം പുറത്തിറക്കി 'മസ്കത്ത് എഐ സൊലൂഷ്യൻസ്'

Web Desk
|
23 Dec 2025 4:14 PM IST

'Ev ​ഗ്രൂപ്പ്' ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും

മസ്കത്ത്: ഒമാനിൽ ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യങ്ങൾ സമന്വയിപ്പിക്കുന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച് മസ്കത്ത് എഐ സൊലൂഷ്യൻസ്. 'ഇവി ​ഗ്രൂപ്പ്' എന്ന പേരിൽ പുറത്തിറക്കിയ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. സ്മാർട്ട് ചാർജിങ് സേവനങ്ങൾ, യാത്രാ ആസൂത്രണം, വാഹനങ്ങളും ആക്സസറികളും വാങ്ങാനും വിൽക്കാനുമുള്ള മാർക്കറ്റ് പ്ലേസ്, ബിസിനസുകൾക്കുള്ള ചാർജിങ്-ആസ്-എ-സർവീസ് സൊല്യൂഷനുകൾ എന്നിവ ആപ്പിൽ ഉൾപ്പെടും.

ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്പ് സ്റ്റേഷനുകളുടെ തത്സമയ സ്റ്റാറ്റസ്, കണക്ടർ തരങ്ങൾ, വില വിവരങ്ങൾ എന്നിവയും നൽകും. ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ ചാർജിങ് സ്റ്റോപ്പുകൾ നിർദേശിക്കുന്ന ട്രിപ്പ് പ്ലാനിങ് സൗകര്യവും ഉണ്ട്. ഇ-മാർക്കറ്റ്‌പ്ലേസ് വഴി ഡീലർഷിപ്പുകൾ, പ്രാദേശിക വ്യാപാരികൾ, വ്യക്തികൾ എന്നിവർക്ക് പുതിയതും ഉപയോഗിച്ചതുമായ ഇലക്ട്രിക് വാഹനങ്ങൾ , ആക്സസറികൾ, ഇൻഷുറൻസ് ഡീലുകൾ എന്നിവ സൗജന്യമായി ലിസ്റ്റ് ചെയ്യാം. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള വർക്ക്‌ഷോപ്പുകളുടെ നിർദേശങ്ങളും ലഭ്യമാണ്.

ഒമാനിലെ EV മേഖലയുടെ ഡിജിറ്റൽ അടിസ്ഥാനം ശക്തിപ്പെടുത്താനുള്ള സജീവമായ നടപടിയാണ് EV ഗ്രൂപ്പെന്ന് മസ്കത്ത് AI സൊല്യൂഷൻസിന്റെ സിഇഒ ഹുസൈൻ അൽ ലവാതി പറഞ്ഞു. 2022-ൽ ഒമാനിലെ ആദ്യത്തെ മൂന്ന് ടെസ്‌ല മോഡൽ Y ഉടമകളിൽ ഒരാളായിരുന്ന തന്റെ സ്വന്തം അനുഭവങ്ങളാണ് ആപ്പ് വികസിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നും ലവാതി പങ്കുവെച്ചു.പ്രീമിയം ഉപയോക്താക്കൾക്ക് പ്രീമിയം ചാർജിങ് സ്പോട്ടുകൾ, തത്സമയ ലഭ്യത, പ്രത്യേക വിലനിർണയം, റിമോട്ട് ആക്സസ്, അൺലിമിറ്റഡ് മാർക്കറ്റ്‌പ്ലേസ് പോസ്റ്റുകൾ, AI അസിസ്റ്റൻസ് തുടങ്ങിയ അധിക സൗകര്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2024 അവസാനത്തോടെ ഒമാനിൽ ഏകദേശം 3,000 മുതൽ 4,000 വരെ EVകളും നിലവിൽ ഏകദേശം 250 പൊതു ചാർജിങ് സ്റ്റേഷനുകളും ഉണ്ടെന്നാണ് കണക്കാക്കുന്നത്. ആപ്പിന് നിലവിൽ ഏകദേശം 300 ഉപയോക്താക്കളുണ്ട്.

Similar Posts