< Back
Oman
ഒമാനിലെ ഹജ്ജ്-ഉംറ സേവനങ്ങൾ: വ്യാജ കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ
Oman

ഒമാനിലെ ഹജ്ജ്-ഉംറ സേവനങ്ങൾ: വ്യാജ കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

Web Desk
|
25 Feb 2024 11:30 PM IST

ലൈസൻസില്ലാതെ സമൂഹമാധ്യമങ്ങളിൽ ഹജ്ജ് സേവനങ്ങൾ പരസ്യപ്പെടുത്തുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്

മസ്കത്ത്: ഒമാനിൽ ലൈസൻസില്ലാതെ ഹജ്ജ്-ഉംറ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം. ലൈസൻസില്ലാതെ സമൂഹമാധ്യമങ്ങളിൽ ഹജ്ജ് സേവനങ്ങൾ പരസ്യപ്പെടുത്തുന്നതിന് എതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി.

ഒമാനിൽനിന്നുള്ള ഹജ്ജ് തീർഥാടകർ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനത്തിലൂടെ ലൈസൻസുള്ള കമ്പനികളുമായി മാത്രം കരാറിൽ ഏർപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഒമാൻ എൻഡോവ്‌മെൻ്റ്, മതകാര്യ മന്ത്രാലയത്തിൻ്റെ ലൈസൻസ് ഇല്ലാത്ത നിരവധി വ്യാജ കമ്പനികൾ പ്രവൃത്തിക്കുന്നുണ്ട്. ഈ വർഷം ഒമാനിൽ നിന്ന് 13,586 പേരാണ് ഹജ്ജിന് അർഹത നേടിയിട്ടുള്ളത്. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉൾപ്പെടെയാണിത്.

ഹജ്ജിന് അർഹരായവർ തീർഥാടകർക്കുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 50 ശതമാനം തുക അടച്ച് ഹജ്ജ് കമ്പനികളുമായി കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഹജ്ജിനുള്ള സേവന ഫീസ് എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മദീനയിലേക്ക് വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണ് നിരക്ക്. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗ്ഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലുമാണ്. ഈ വർഷം ഹജ്ജിനായി അപേക്ഷിച്ചവരിൽ 2.5 ശതമാനത്തിന്‍റെ വർധനയുണ്ടായിട്ടുണ്ട്.

Summary: Authorities warn against fake companies in Hajj-Umrah services in Oman

Similar Posts