< Back
Oman
Badr Al Sama Hospital Group launches Risk Assessment Campaign to provide free diabetes screening across Oman
Oman

ഒമാനിലുടനീളം സൗജന്യ പ്രമേഹ പരിശോധന; 'റിസ്ക് അസസ്മെന്റ് കാമ്പയിനുമായി' ബദർ അൽ സമ ഹോസ്പിറ്റൽ ​ഗ്രൂപ്പ്

Web Desk
|
12 Nov 2025 8:24 AM IST

നവംബര്‍ 14, 15 തീയതികളില്ലാണ് കാമ്പയിൻ നടക്കുക

മസ്കത്ത്: ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടററേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ​ ഹെൽത്ത് എസ്റ്റാബ്ലിഷ്​മെന്റുമായി സഹകരിച്ച് ദേശീയ തലത്തിൽ സൗജന്യ പ്രമേഹ പരിശോധന- റിസ്ക് അസസ്മെന്റ് കാമ്പയിൻ സംഘടിപ്പിക്കും. രാജ്യത്തുടനീളമുള്ള പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടാണ് നവംബര്‍ 14, 15 തീയതികളില്‍ കാമ്പയിൻ നടത്തുന്നത്.

പ്രമേഹത്തെ സംബന്ധിച്ച് ജനങ്ങളിൽ ബോധവൽകരണവും അസുഖം നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള പരിചരണവും സംബന്ധിച്ച് അവബോധം നൽകുകയുമാണ് കാമ്പയിൻ ലക്ഷ്യം. രാജ്യത്തുടനീളം 122 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കാമ്പയിനിൽ 20,000 ​പേർ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൊന്നായി ഇതു മാറുമെന്നും മനേജ്മെന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒമാനിലെ 14 ബദര്‍ അല്‍ സമാ ശാഖകളോടൊപ്പം മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, പൊതുപരിപാടികള്‍ എന്നിവിടങ്ങളിലായിരിക്കും പരിശോധനാ കേന്ദ്രങ്ങൾ. കാമ്പയിനില്‍ പങ്കെടുക്കാന്‍ 22717181 എന്ന നമ്പറിലേക്ക് മിസ്‌കോള്‍ ചെയ്യാം. പ്രതിരോധ ആരോഗ്യ പരിരക്ഷയും പ്രാരംഭ രോഗനിര്‍ണയവും ശക്തിപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുമായി ഈ സംരംഭം പൂര്‍ണമായും ചേർന്നു നിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹന്ന ബിന്‍ നാസര്‍ അല്‍ മുസല്‍ഹി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവനദാതാക്കളായ നിലയില്‍ സമൂഹത്തിന്റെ നന്മയ്ക്കായി ഇത്തരത്തിലുള്ള വൻ കാമ്പയിനുകള്‍ സംഘടിപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലതീഫ് പറഞ്ഞു. മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.എ. മുഹമ്മദ്, ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ മൊയ്തീന്‍ ബിലാല്‍, ഫിറാസത് ഹസന്‍ തുടങ്ങിയവര്‍ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Similar Posts