< Back
Oman
സി.ബി.എസ്.ഇ പരീക്ഷാ ഫലം: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് മിന്നും വിജയം
Oman

സി.ബി.എസ്.ഇ പരീക്ഷാ ഫലം: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് മിന്നും വിജയം

Web Desk
|
13 May 2025 10:55 PM IST

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി. മിക്കവാറും എല്ലാ സ്‌കൂളുകളും നൂറുശതമാനം വിജയം കരസ്ഥമാക്കി. നിരവധി വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയപ്പോൾ, നല്ലൊരു ശതമാനം പേർ എ വൺ ഗ്രേഡോടെയാണ് വിജയിച്ചതെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും സ്‌കൂൾ മാനേജ്‌മെന്റും രക്ഷിതാക്കളും അഭിനന്ദിച്ചു. ഈ അധ്യയന വർഷത്തിലെ പരീക്ഷാ ഫലം നേരത്തെ വന്നത് കേരളത്തിൽ തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിലെ ഭൂരിഭാഗം വിദ്യാർഥികളും ഉപരിപഠനത്തിനായി ഇന്ത്യയിലേക്ക് തന്നെയാകും പോകുക. ഐസർ (IISER), എൻജിനീയറിങ് തുടങ്ങിയ പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളും ഒമാനിൽ നിന്ന് ധാരാളമുണ്ട്.

ഒമാനിലെ ഉപരിപഠനം താരതമ്യേന ചിലവേറിയതും, സൗകര്യങ്ങൾ കുറഞ്ഞതുമായതിനാലാണ് കൂടുതൽ വിദ്യാർഥികളും നാട്ടിലേക്ക് ഉപരിപഠനത്തിനായി വരുന്നത്. മുൻ വർഷങ്ങളിൽ കേരളത്തിലെ പ്ലസ് വൺ അഡ്മിഷൻ നടപടികൾ പൂർത്തിയായ ശേഷമായിരുന്നു സി.ബി.എസ്.ഇ ഫലം വന്നിരുന്നത്. ഇത് കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന പല വിദ്യാർഥികൾക്കും തിരിച്ചടിയായിരുന്നു. എന്നാൽ, ഇത്തവണ ഫലം നേരത്തെ വന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠനത്തിനുള്ള അപേക്ഷകൾ നൽകുന്നതിന് കൂടുതൽ സമയം ലഭിക്കാൻ സഹായിക്കും. പരീക്ഷാ ഫലം വന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും തുടർ വിദ്യാഭ്യാസത്തിനുള്ള അപേക്ഷകൾ നൽകാനുള്ള തയ്യാറെടുപ്പിലാണ്.

Similar Posts