< Back
Oman
മാൽ കാർഡ്; തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ
Oman

മാൽ കാർഡ്; തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

Web Desk
|
24 Nov 2025 3:34 PM IST

തട്ടിപ്പ് ശ്രമങ്ങൾ അറിയിക്കാനുള്ള ഡയറക്ട് ലൈൻ: 80077444

മസ്‌കത്ത്: മാൽ കാർഡ് സോഫ്റ്റ് ലോഞ്ച് ചെയ്യുന്നതിനോട് അനുബന്ധിച്ചുള്ള തട്ടിപ്പ് ശ്രമങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO). ലൈസൻസുള്ള ബാങ്കുകളാണ് മാൽ കാർഡ് സോഫ്റ്റ് ലോഞ്ച് ചെയ്യുന്നത്. എന്നാൽ ഇതിനിടയിൽ ചിലർ തട്ടിപ്പുമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഒമാനിലെ എല്ലാ താമസക്കാരും ജാഗ്രത പാലിക്കണമെന്നും ഒരു സാഹചര്യത്തിലും ബാങ്കിംഗ്, വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നു സിബിഒ അഭ്യർത്ഥിച്ചു. പിൻ, ഒറ്റത്തവണ പാസ്വേഡ് (OTP), സുരക്ഷാ കോഡ് (CVV) ഉൾപ്പെടെയുള്ള കാർഡ് വിശദാംശങ്ങൾ, ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് ലോഗിൻ ക്രെഡൻഷ്യലുകൾ, വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ തുടങ്ങിയവ കൈമാറരുതെന്നാണ് മുന്നറിയിപ്പ്.

ലൈസൻസുള്ള ബാങ്കുകൾ ഫോണിലൂടെയോ അനൗദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെയോ വിവരങ്ങൾ അഭ്യർത്ഥിക്കില്ലെന്ന് സെൻട്രൽ ബാങ്ക് ഓർമിപ്പിച്ചു. അംഗീകൃതവും സുരക്ഷിതവുമായ ബാങ്കിംഗ് നടപടിക്രമങ്ങളിലൂടെയായിരിക്കും മാൽ കാർഡ് നൽകുന്നതെന്നും എല്ലാ പ്രഖ്യാപനങ്ങളും ഔദ്യോഗിക ബാങ്ക് പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ നടത്തുകയുള്ളൂവെന്നും വ്യക്തമാക്കി.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ കോളുകളോ തട്ടിപ്പ് ശ്രമങ്ങളോ ഉണ്ടായാൽ ഡയറക്ട് ലൈൻ: 80077444 വഴി റോയൽ ഒമാൻ പൊലീസിൽ ഉടൻ റിപ്പോർട്ട് ചെയ്യാനും സിബിഒ ആവശ്യപ്പെട്ടു.

Similar Posts