< Back
Oman
Chief Minister in Salalah on Saturday, October 25
Oman

മുഖ്യമന്ത്രി ഒക്ടോബർ 25 ശനിയാഴ്‌ച സലാലയിൽ

Web Desk
|
16 Oct 2025 3:34 PM IST

കേരള വിംഗ്‌ ഇത്തിഹാദ്‌ മൈതാനിയിൽ ഒരുക്കുന്ന പ്രവാസോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തും

സലാല: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജിസിസി സന്ദർശനത്തിന്റെ ഭാഗമായി ഒക്ടോബർ 25 ശനി , ജിസിസിയിലെ കേരളമായ സലാലയിലും എത്തുന്നു. നഗരത്തിലെ ഇത്തിഹാദ്‌ ക്ലബ്‌ മൈതാനിയിൽ വൈകീട്ട്‌ 7.30 ന് ഒരുക്കുന്ന പ്രവാസോത്സവത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തുമെന്ന് മുഖ്യ സംഘാടകരായ ഐഎസ്‌സി കേരള വിങ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

മുഖ്യ മന്ത്രിയോടൊപ്പം സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർമാർ കൂടിയായ എം.എ. യൂസുഫലി, ഗൾഫാർ പി. മുഹമ്മദലി, വിൽസൺ ജോർജ്ജ്‌, എന്നിവരും എത്താൻ സാധ്യതയുള്ളതായി കൺവീനർ എ.കെ.പവിത്രൻ പറഞ്ഞു. മലയാളം മിഷൻ സലാല ചാപ്‌റ്ററിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

പരിപാടിയുടെ വിജയത്തിനായി നൂറ്റി ഒന്നംഗ സ്വാഗത സംഘം രൂപീകരിച്ച്‌ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി ചെയർമാൻ അംബുജാക്ഷൻ മയ്യിൽ പറഞ്ഞു. ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നുള്ള അനുമതികൾ ലഭിച്ചതായി കോൺസുലാർ ഏജന്റ്‌ ഡോ:കെ.സനാതനനും പറഞ്ഞു.

ഹൗസ്‌ ഓഫ്‌ എലൈറ്റിൽ നടന്ന വാർത്ത സമ്മേളനത്തിൽ പ്രവീൺ, പവിത്രൻ കാരായി , ഹേമ ഗംഗാധരൻ , ഡോ:ഷാജി.പി.ശ്രീധർ, മൻസൂർ പട്ടാമ്പി, ലിജോ ലാസർ, സിജോയ്‌ പേരാവൂർ, സയ്യിദ്‌ ആസിഫ്‌ , ഷെമീന അൻസാരി എന്നിവരും സംബന്ധിച്ചു. ഒക്ടോബർ 24 ന് മസ്‌കത്തിൽ എത്തുന്ന മുഖ്യമന്ത്രി അവിടത്തെ പരിപാടിക്ക്‌ ശേഷം ശനി രാവിലെ 10.30 നാണ് സലാലയിൽ എത്തുക. ഒക്ടോബർ 26 ന് സലാലയിൽ നിന്ന് നാട്ടിലേക്ക്‌ മടങ്ങും.

Similar Posts