< Back
Oman
Construction of Musandam Airport will begin soon.
Oman

മുസന്ദമിലെ വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി

Web Desk
|
23 March 2025 10:07 PM IST

2028 രണ്ടാം പാദത്തോടെ നിർമാണം പൂർത്തിയാക്കും

മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹിം ബിൻ സഊദ് അൽ ബുസൈദി പറഞ്ഞു. 2028 രണ്ടാം പാദത്തോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഗവർണറേറ്റിന്റെ വികസന പദ്ധതികളെ കുറിച്ച് വിശദീകരിക്കവെയാണ് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹിം ബിൻ സഊദ് അൽ ബുസൈദി വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവച്ചത്. 2028 രണ്ടാം പാദത്തോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കും. മേഖലയുടെ തന്നെ വികസനത്തിന് പുതിയ വേഗം കൈവരിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിമാനത്താവളം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. റൺവേ, ടാക്സിവേ, ടെർമിനൽ, സർവീസ് ഏരിയ തുടങ്ങിയവ നൂതന സൗകര്യങ്ങളോടെയാണ് മുസന്ദം വിമാനത്താവളത്തിൽ ഒരുക്കുന്നത്.

വർഷത്തിൽ 250,000 യാത്രക്കാരെ വരെ ഉൾക്കൊള്ളാവുന്ന സൗകര്യങ്ങളുണ്ടാകും. വിമാനത്താവളത്തിലേക്ക് ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റോഡും നിർമിക്കും. രണ്ടാം ഘട്ടത്തിൽ, എയർബസ് 330, 350, ബോയിംഗ് 787, 777 എന്നിവയ്ക്ക് പറക്കാൻ കഴിയുന്ന തരത്തിൽ റൺവേ 3,300 മീറ്ററായി വികസിപ്പിക്കും, കൂടാതെ ടാക്സിവേകളുടെയും വിമാന പാർക്കിംഗ് സ്ഥലങ്ങളുടെയും വിസ്തൃതിയും വർധിപ്പിക്കും. എയർക്രാഫ്റ്റ് ഐസൊലേഷൻ യാർഡ്, ടെർമിനൽ കെട്ടിടം എന്നിവയും വികസിപ്പിക്കും.

നിലവിലുള്ള ഖസബ് വിമാനത്താവളം നേരിടുന്ന പ്രവർത്തന വെല്ലുവിളികൾ കാരണം ഈ പദ്ധതിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. മുസന്ദമിലെ വികസനങ്ങൾ നേരിട്ടറിയുന്നതിനായി നേരത്തെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഗവർണറേറ്റ് സന്ദർശിച്ചിരുന്നു. മുസന്ദമിലെ ശൈഖുമാരുമായും പൗരപ്രമുഖരുമായും കൂടിക്കാഴ്ച നടത്തുകയും ആവശ്യങ്ങളും നിർദേശങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു.

Similar Posts