< Back
Oman
Consumer Protection Authority warns against those who manipulate product prices based on season in Oman
Oman

വില പരിശോധിക്കൂ.. വഞ്ചിതരാകാതിരിക്കൂ..; ഉപഭോക്താക്കൾക്ക് നിർദേശവുമായി ഒമാൻ സിപിഎ

Web Desk
|
26 Feb 2026 11:09 PM IST

വിവിധ ഗവർണറേറ്റുകളിലായി ഫീൽഡ് നിരീക്ഷണം ശക്തമാക്കി

മസ്കത്ത്: ഒമാനിൽ സീസൺ കണക്കിലെടുത്ത് ഉത്പന്നങ്ങളു‍‌‍‌‍ടെ വിലയിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഷെൽഫിൽ നൽകിയ തുകയും ബില്ലിലെ തുകയും ഒന്നാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് സിപിഎയുടെ നിർദേശം. വിപണി സുതാര്യതയും നീതിയുക്തമായ വ്യാപാരവും ഉറപ്പാക്കുമെന്നതിന് പൊതുജനങ്ങൾ‌ സഹകരിക്കണമെന്ന് അതോരിറ്റി അഭ്യർത്ഥിച്ചു

റമദാൻ സീസണിന്റെ ഭാ​ഗമായി വിപണിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഷോപ്പിങ് നടത്തുമ്പോൾ ഉൽപന്നങ്ങളുടെ ഷെൽഫിൽ രേഖപ്പെടുത്തിയ വിലയും ബില്ല് ചെയ്യുമ്പോൾ ഈടാക്കുന്ന വിലയും ഒന്നാണെന്ന് ഉറപ്പുവരുത്തണം. നിയമലംഘനം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണമെന്നും സിപിഎ അറിയിക്കുന്നുണ്ട്. ഉപഭോക്തൃ സംരക്ഷണം പൂർണമാകണമെങ്കിൽ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രത അത്യാവശ്യമാണെന്നും ഇത് വിപണിയിലെ സുതാര്യതയും നീതിയുക്തമായ വ്യാപാരവും ഉറപ്പാക്കുമെന്നും അതോറിറ്റി പറയുന്നു.

അതേസമയം ആവശ്യകത വർധിക്കുന്ന സാഹചര്യം ദുരുപയോഗം ചെയ്ത് വില അന്യായമായി ഉയർത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് രാജ്യത്തെ ചില്ലറ വ്യാപാരികളെയും വ്യവസായികളോടും അതോറിറ്റി പറഞ്ഞു. ‍റമദാൻ മാസത്തിൽ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും ന്യായവില ഉറപ്പാക്കാനും അവശ്യവസ്തുക്കളുടെ ലഭ്യത നിലനിർത്താനും ലക്ഷ്യമിട്ടാണ് നടപടി. ഇതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിലായി ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റ് ജനറൽ ഫീൽഡ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം കർശന നടപടികൾ സ്വീകരിക്കും.

Similar Posts