< Back
Oman
National Multi-Hazard Early Warning Center in Oman said that the cyclone Shakti that has formed in the Arabian Sea will weaken.
Oman

അറബിക്കടലിൽ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് ദുർബലമാകുന്നതായി റിപ്പോർട്ട്

Web Desk
|
5 Oct 2025 8:32 PM IST

കാറ്റ് ക്രമേണ ദുർബലമാകുമെന്ന് ഒമാനിലെ നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ

മസ്‌കത്ത്: അറബിക്കടലിൽ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് ദുർബലമാകുന്നതായി റിപ്പോർട്ട്. അടുത്ത മണിക്കൂറിൽ കാറ്റ് ക്രമേണ ദുർബലമാകുമെന്ന് ഒമാനിലെ നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്ററാണ് അറിയിച്ചത്. ഒമാനിലെ തെക്കൻ ഷർഖിയ ഗവർണറേറ്റിന്റെ തീരങ്ങളിലേക്കാണ് കാറ്റ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് കിഴക്കോട്ട് തിരിഞ്ഞ് മധ്യ അറേബ്യൻ കടലിലേക്കും ഒമാന്റെ തീരത്ത് നിന്ന് അകന്നുപോകുമെന്നാണ് പ്രവചനം. കാറ്റ് ഒമാന്റെ തീരപ്രദേശത്തുനിന്ന് 100 മുതൽ 200 കിലോമീറ്റർവരെ അടുത്ത് വരെ എത്തുമെന്നും തുടർന്ന് ദിശ മാറുമെന്നും മുന്നറിയിപ്പ് ബുള്ളറ്റിൽ പറയുന്നു.

ചൊവ്വാഴ്ച വരെ ഒമാന്റെ തീരപ്രദേശങ്ങളിൽ മഴക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ സുൽത്താനേറ്റിൽ തെക്കുകിഴക്കൻ, മധ്യ തീരപ്രദേശങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. രണ്ട് മുതൽ നാല് മീറ്റർവരെ തിരമാലകൾ ഉയർന്നേക്കും. ഇത് താഴ്ന്ന തീരദേശ മേഖലകളിലേക്ക് വെള്ളം കയറാൻ ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. തെക്കൻ ഷർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ തീരങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുയെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അസ്ഥിര കാലാവസ്ഥയും ഉയർന്ന കടൽ തിരമാലകളും തുടരുന്നതിനാൽ ഒമാനിലുടനീളമുള്ള നാവികർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Similar Posts