ഒമാനിൽ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
|മസ്‌കത്ത്: സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ പ്രവാസി മലയാളി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ (45) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 22 വർഷമായി ഡയറി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഒമാനിലെ നാദ ഡയറി കമ്പനിയിൽ ജോലി ചെയ്യുന്ന കൃഷ്ണകുമാർ രാവിലെ ഡ്യൂട്ടിക്കെത്തി പഞ്ച് ചെയ്ത ശേഷം സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആറ് മാസം മുൻപാണ് കൃഷ്ണകുമാർ ഒമാൻ നാദ ഡയറിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനു മുൻപ് ഒമാനിലെ നിരവധി കമ്പനികളിൽ ഡയറി സെയിൽസ്മാനായി പ്രവർത്തിച്ചിട്ടുണ്ട്. മസ്‌കത്ത് അൽ ഖുവൈർ ബുർജീൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: രാമചന്ദ്ര ശ്രീനിവാസ. മാതാവ് കേശവ ഗീത. ഭാര്യ: അശ്വിനി. മകൾ കൃതി.