< Back
Oman
Expats arrested in Oman for packing food items at home without permission
Oman

അനുമതിയില്ലാതെ വീട്ടിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കിങ്: ഒമാനിൽ പ്രവാസികൾ പിടിയിൽ

Web Desk
|
21 Jan 2026 2:57 PM IST

മായം കലർന്ന 1,000 കിലോ സുഗന്ധവ്യഞ്ജനങ്ങൾ പിടിച്ചെടുത്തു

മസ്‌കത്ത്: ഒമാനിലെ നിസ്‌വ വിലായത്തിൽ അനുമതിയില്ലാതെ വീട്ടിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പാക്കിങ് നടത്തിയ പ്രവാസി തൊഴിലാളികൾ പിടിയിൽ. ഇവരുടെ കേന്ദ്രത്തിൽ നിന്ന് മായം കലർന്ന 1,000 കിലോയിലേറെ സുഗന്ധവ്യഞ്ജനങ്ങൾ പിടിച്ചെടുത്തു. പ്രവാസികളുടെ താമസ സ്ഥലത്ത് നടത്തിയ നിയമവിരുദ്ധ പാക്കേജിങ് പ്രവർത്തനങ്ങൾ ദാഖിലിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ)യാണ് പിടികൂടിയത്. ആവശ്യമായ ലൈസൻസുകൾ നേടാതെ വിവിധ സുഗന്ധവ്യഞ്ജനങ്ങൾ പാക്കേജ് ചെയ്ത പ്രവാസികളെ നിസ്‌വ മുനിസിപ്പാലിറ്റിയുമായും മറ്റ് അധികാരികളുമായും സഹകരിച്ചാണ് സിപിഎ വകുപ്പ് പിടികൂടിയത്. വാണിജ്യ തട്ടിപ്പ് തടയാനുള്ള ഏകീകൃത നിയമം നമ്പർ 54/2021 ന്റെ ലംഘനമാണ് കണ്ടെത്തിയത്. പൊതുജനാരോഗ്യത്തിന് അപകടകരമാണ് നടപടിയെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ താമസ സ്ഥലത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. അനുചിത രീതിയിൽ പ്രോസസ്സ് ചെയ്ത 1,000 കിലോയിൽ കൂടുതൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കണ്ടെയ്നറുകളിൽ സൂക്ഷിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളിൽ ഉൽപ്പാദന തീയതിയും കാലാവധി തീയതിയും ഉൾപ്പെടെയുള്ള അവശ്യ ലേബലിങ് വിവരങ്ങൾ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് പാക്കേജിങ്ങിന് ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും ഉപകരണങ്ങളും കണ്ടുകെട്ടി. ഉപഭോക്തൃ സംരക്ഷണ നിയമവും എക്‌സിക്യൂട്ടീവ് ചട്ടങ്ങളും അനുസരിച്ച് നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കും.

Similar Posts