
വ്യാജ മദ്യം, അധാർമിക പ്രവർത്തി; ഒമാനിൽ ഇന്ത്യക്കാർ പിടിയിൽ
|മസ്‌കത്തിൽവെച്ചാണ് സ്ത്രീകളടക്കമുള്ള സംഘം റോയൽ ഒമാൻ പൊലീസിന്റെ വലയിലായത്
മസ്കത്ത്: വ്യാജ മദ്യം,അധാർമിക പ്രവർത്തി തുടങ്ങി വിവിധ കേസുകളിലായി ഒമാനിൽ ഇന്ത്യക്കാർ പിടിയിൽ. സ്വകാര്യ കാറിൽ അനധികൃതമായി വൻ തോതിൽ മദ്യം കടത്താൻ ശ്രമിച്ചതിന് ഇബ്രിയിലാണ് ഒരാൾ പിടിയിലായത്. ധാർമികതക്കും പൊതു മര്യാദക്കും വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് മസ്‌കത്തിൽവെച്ചാണ് സ്ത്രീകളടക്കമുള്ള സംഘം റോയൽ ഒമാൻ പൊലീസിന്റെ വലയിലായത്.
ഇതിൽ ശ്രീലങ്ക, വിയറ്റ്‌നാം, മ്യാൻമർ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. സ്ത്രീകളോടൊപ്പം രണ്ട് പുരുഷൻമാരെയും ആർഒപി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മസ്‌കത്ത് ഗവർണറേറ്റിലെ പൊലീസ് കമാൻഡാണ് മത്ര- സീബ, വിലായത്തുകളിൽ നിന്ന് ഇവരെ പിടികൂടിയത്. മറ്റൊരു കേസിൽ സ്വകാര്യ കാറിൽ വൻ തോതിൽ മദ്യം കടത്താൻ ശമിക്കുന്ന ഇന്ത്യൻ പൗരനെയാണ് ആർഒപി കയ്യോടെ പൊക്കിയത്. ഇബ്രിയിലെ ഫഹൂദ് പ്രദേശത്ത് വെച്ചാണ് ഇന്ത്യൻ പ്രവാസിയെ ഓയിൽ ആൻഡ് ഗ്യാസ് ഫെസിലിറ്റിസ് സെക്യൂരിറ്റി പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്. വിൽക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് മദ്യം കടത്താൻ ശ്രമിച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.