
വിദേശനിക്ഷേപത്തിൽ വൻ കുതിപ്പ്; ‘ഇൻവെസ്റ്റ് ഒമാനിന്’ കീഴിൽ രാജ്യത്തെ എഫ്.ഡി.ഐ 78 ബില്യൺ ഡോളറിലധികം
|ആഗോളതലത്തിൽ ഒമാൻ നാലാം സ്ഥാനത്ത്
മസ്കത്ത്: ഒമാനിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ (എഫ്.ഡി.ഐ) വൻ കുതിപ്പ് രേഖപ്പെടുത്തി. ‘ഇൻവെസ്റ്റ് ഒമാൻ’ എന്ന ഏകീകൃത ദേശീയ പ്ലാറ്റ്ഫോമിന് കീഴിലാണ് നിക്ഷേപം ഏകോപിപ്പിക്കുന്നത്. ഒന്നിലധികം നടപടിക്രമങ്ങളുടെ ഭാഗമായിരുന്ന നിക്ഷേപം ഏകീകൃത സംവിധാനത്തിലേക്ക് മാറിയപ്പോൾ നിക്ഷേപരുടെ എണ്ണത്തിൽ വർധനവുണ്ടായതായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ നിക്ഷേപ പ്രോത്സാഹന അണ്ടർ സെക്രട്ടറി ഇബ്തിസാം ബിൻത് അഹമ്മദ് അൽ ഫറൂജി പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകളനുസരിച്ച് എഫ്.ഡി.ഐ 78 ബില്യൺ ഡോളറാണ് കവിഞ്ഞത്. വളർച്ചാനിരക്ക് 12 ശതമാനത്തിന് മുകളിലാണിത്. ആഗോളതലത്തിൽ എഫ്.ഡി.ഐ ആകർഷണത്തിൽ ഒമാൻ നാലാം സ്ഥാനത്താണ്. നിക്ഷേപ കോടതി സ്ഥാപിക്കൽ, ഗോൾഡൻ റെസിഡൻസി നയങ്ങൾ വികസിപ്പിക്കൽ, സർക്കാർ ഏജൻസികൾ തമ്മിലുള്ള ഡിജിറ്റൽ സംയോജനം തുടങ്ങിയ പരിഷ്കാരങ്ങളാണ് ഈ നേട്ടങ്ങൾക്ക് കാരണമായത്.
കരാറുകളുടെ ഗുണനിലവാരം ഉയർത്തുകയും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ദേശീയ ചർച്ചാ സംഘമാണ് പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. കൂടാതെ, നൂതന ഡിജിറ്റൽ നിക്ഷേപ മാപ്പും മുൻഗണനാ പദ്ധതികൾക്ക് വേഗത്തിലുള്ള ട്രാക്കുകൾ നൽകുന്ന ഒരു ഏകീകൃത സർക്കാർ ലിങ്കും ഇതിൽ ഉൾപ്പെടുന്നുണ്ട്.
2026-2028 കാലയളവിലേക്കുള്ള ലക്ഷ്യങ്ങളും ഇബ്തിസാം വിശദീകരിച്ചു. ഹൈഡ്രജൻ, ലോഹ വ്യവസായം, അഡ്വാൻസ്ഡ് സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, ഭക്ഷ്യസുരക്ഷ, ടൂറിസം മേഖലകളിൽ പ്രവർത്തിക്കുന്ന ഗുണമേന്മയുള്ള കമ്പനികൾ എന്നിവയെ ആകർഷിക്കാനാണ് ശ്രമം.