< Back
Oman
ഒമാനിലെ പ്ലാസ്റ്റിക് ഷോപ്പിങ് ബാ​ഗ് നിരോധനത്തിന്റെ നാലാംഘട്ടം ജനുവരി 1 മുതൽ പ്രാബല്യത്തിൽ
Oman

ഒമാനിലെ പ്ലാസ്റ്റിക് ഷോപ്പിങ് ബാ​ഗ് നിരോധനത്തിന്റെ നാലാംഘട്ടം ജനുവരി 1 മുതൽ പ്രാബല്യത്തിൽ

Web Desk
|
28 Dec 2025 10:12 PM IST

നിയമലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തും, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ഇത് ഇരട്ടിയാകും

മസ്കത്ത്: ഒമാനിലെ പ്ലാസ്റ്റിക് ഷോപ്പിങ് ബാ​ഗ് നിരോധനത്തിന്റെ നാലാംഘട്ടം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. കാർഷിക വസ്തുക്കൾ, ജലസേചന സംവിധാനങ്ങൾ, മില്ലുകൾ, നഴ്സറികൾ, തേൻ, വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണം, തുടങ്ങിയ വിൽപ്പന കേന്ദ്രങ്ങളിൽ ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റ്ക് ഷോപ്പിങ് ബാ​ഗുകൾ ഉപയോ​ഗിക്കരുതെന്നാണ് നിയമം. ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെയും ഉപയോഗം ഘട്ടം ഘട്ടമായി നിരോധിക്കുന്നതിന്റെ ഭാ​ഗമാണിത്.

ഒമാന്റെ വിഷൻ 2040 സുസ്ഥിരതാ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി 2027 ഓടെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂർണമായും നിരോധിക്കും. 50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒരു തവണ ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ, സഞ്ചികൾ എന്നിവ വ്യക്തികളും സ്ഥാപനങ്ങളും കമ്പനികളും ഉപയോഗിക്കാൻ പാടില്ല.

നിയമലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് പിഴ ഇരട്ടിയാകും. ആദ്യഘട്ട നിരോധനം 2024 ജൂലൈ ഒന്ന് മുതൽ ആരോഗ്യ സ്ഥാപനങ്ങളിലാണ് പ്രാബല്യത്തിൽ വന്നത്. ഉപഭോക്താക്കളെ പുതിയ മാറ്റത്തിലേക്ക് എത്തിക്കാനായി പരിസ്ഥിതി അതോറിറ്റി കാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണവും ചെയ്തിരുന്നു.

Similar Posts