
ഒമാന്റെ മധ്യസ്ഥത വിജയം കണ്ടു: ഹൂത്തികൾ തടവിലാക്കിയ ഗാലക്സി ലീഡർ കപ്പൽ ജീവനക്കാർ മോചിതരായി
|ബഹാമാസ് രാജ്യത്തിന്റെ പതാകയുള്ള കപ്പൽ ചെങ്കടൽതീരത്തുനിന്ന് ഒരുവർഷം മുമ്പാണ് ഹൂത്തികൾ പിടിച്ചെടുക്കുന്നത്
മസ്‌കത്ത്: ഹൂത്തികളുടെ തടവിൽ കഴിഞ്ഞിരുന്നു ഗാലക്സി ലീഡർ കപ്പലിലെ ജീവനക്കാർ മോചിതരായി ഒമാനിലെത്തി. വിഷയത്തിൽ സുൽത്താനേറ്റിന്റെ മധ്യസ്ഥത വിജയം കണ്ടതോടെയാണ് കപ്പൽ ജീവനക്കാരുടെ മോചനം സാധ്യമായത്. ബൾഗേറിയ, യുക്രെയ്ൻ, ഫിലിപ്പീൻസ്, മെക്‌സിക്കോ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള 25 പൗരന്മാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുൻപായി കപ്പൽ ജീവനക്കാരെ സനായയിൽനിന്ന് മസ്‌കത്തിലെത്തിച്ചു. റോയൽ എയർഫോഴ്‌സ് ഓഫ് ഒമാൻ വിമാനത്തിലാണ് ഇവരെ മസ്‌കത്തിലെത്തച്ചത്. കപ്പൽ ജീവനക്കാരെ വിട്ടയച്ചതിന് യമനിനോട് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർഹമദ് അൽ ബുസൈദി നന്ദി അറിയിച്ചു. ഈ പ്രക്രിയ സുഗമമാക്കുന്നതിലും പൂർത്തിയാക്കുന്നതിലും ബന്ധപ്പെട്ട കക്ഷികൾ നൽകിയ സഹകരണം വിലമതിക്കാനാകാത്തതാണെന്ന് ഒമാൻ പ്രസ്താവനയിൽ പറഞ്ഞു. ബഹാമാസ് രാജ്യത്തിന്റെ പതാകയുള്ള കപ്പൽ ഗസയിലെ ഇസ്രായേൽ അധിനിവേഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിലാണ് ചെങ്കടൽതീരത്തുനിന്ന് ഹൂത്തികൾ പിടിച്ചെടുക്കുന്നത്.