< Back
Oman
ഒമാനിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
Oman

ഒമാനിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

Web Desk
|
24 March 2026 12:54 AM IST

രാവിലെ വടക്കൻ ഗവർണറേറ്റുകളിലും പിന്നീട് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും

മസ്‌കത്ത്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ നാളെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെയാണ് കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുള്ളത്. വടക്കൻ ഗവർണറേറ്റുകളായ ബുറൈമി, ദാഹിറ, വടക്കൻ ബാത്തിന, മുസന്ദം എന്നിവിടങ്ങളിൽ രാവിലെ തന്നെ ഇടിമിന്നലോടു കൂടിയ മഴ ആരംഭിക്കും. ഇത് പിന്നീട് മസ്‌കത്ത്, ദാഖിലിയ, തെക്കൻ ബാത്തിന, വടക്ക്-തെക്ക് ശർഖിയ, അൽ വുസ്ത എന്നിവിടങ്ങളിലേക്കും വ്യാപിക്കും. പലയിടങ്ങളിലും ആലിപ്പഴ വർഷത്തോടൊപ്പം അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്.

മഴയ്ക്കൊപ്പം മണിക്കൂറിൽ 50 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കനത്ത മഴയെത്തുടർന്ന് കാഴ്ചപരിധി തീരെ കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ദോഫാർ ഗവർണറേറ്റിൽ താരതമ്യേന കുറഞ്ഞ തോതിലുള്ള മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച രാത്രി മുതൽ തന്നെ വടക്കൻ ഗവർണറേറ്റുകളിൽ മഴ തുടങ്ങുമെന്നാണ് പ്രവചനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വാദികൾ മുറിച്ചുകടക്കാനോ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഇറങ്ങാനോ ശ്രമിക്കരുതെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു.

അതേസമയം ഒമാനിലെ ബർകയിൽ വെള്ളക്കെട്ടിൽ വീണ് ഏഴ് വയസ്സുകാരൻ മരിച്ചു. അപകടത്തെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന സാഹചര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വെള്ളക്കെട്ടുകളും വാദികളും നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കുട്ടികളെ നിരന്തരം നിരീക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related Tags :
Similar Posts