
ഐ.എം.എ മുസിരിസ് ഇന്റർ ഹോസ്പിറ്റൽ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
|സലാലയിലെ അഞ്ച് ആശുപത്രികളിലെ ജീവനക്കാർ ടൂർണമെന്റിൽ പങ്കെടുക്കും
സലാല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുസിരിസിന്റെ ആഭിമുഖ്യത്തിൽ സലാലയിലെ വിവിധ ഹോസ്പിറ്റൽ സ്റ്റാഫുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സ്വകാര്യ ആശുപത്രികളായ ബദർ അൽ സമ, ലൈഫ് ലൈൻ, അൽ സാഹിർ, മാക്‌സ് കെയർ, കൂടാതെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ സ്റ്റാഫ് ടീമും ടൂർണമെന്റിൽ പങ്കെടുക്കും. ഓരോ ടീമിലും പുറമെ നിന്നുള്ള അഞ്ച് പ്രമുഖ കളിക്കാരെയും ഉൾപ്പെടുത്തിയാണ് ടീമുകൾ മത്സരിക്കുക.
ഐ.എം.എ ചാമ്പ്യൻസ് ട്രോഫി എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 7 വെള്ളി രാവിലെ 7 ന് ഔഖത്തിലെ നായിഫ് ക്ലബ്ബ് ഗ്രൗണ്ടിൽ ആരംഭിക്കും. അന്നേ ദിവസം വൈകിട്ട് 5 ന് സെമി ഫൈനലിന് മുമ്പായി ഔദ്യോഗിക ചടങ്ങുകൾ നടക്കും. എ.ആർ.ഡി ഡാൻസ് ആന്റ് ഫിറ്റ്‌നെസ് സെന്റർ അവതരിപ്പിക്കുന്ന കലാ പരിപാടികളുംഅരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ തമ്മിൽ ആരോഗ്യകരമായ ബന്ധം ഉണ്ടാക്കാനും സ്റ്റാഫിന്റെ മാനസിക ഉല്ലാസത്തിനും വേണ്ടിയാണ് ഐ.എം.എ മുസിരിസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.