
മസ്‌കത്തിലെ ഇന്ത്യൻ എംബസി സേവനങ്ങൾ ജൂലൈ 1 മുതൽ പുതിയ ഏജൻസിക്ക് കീഴിൽ
|ആദ്യ ഘട്ടത്തിൽ എംബസി പരിസരത്തും പിന്നീട് 11 പുതിയ കേന്ദ്രങ്ങളിലും സേവനം ലഭിക്കും
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ എംബസിയുടെ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ 2025 ജൂലൈ 1 മുതൽ പുതിയ സേവന ദാതാവായ എസ്ജിഐവിഎസ് ഗ്ലോബൽ സർവീസസിലേക്ക് മാറും. സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഒമാനിലുടനീളം 11 പുതിയ അപേക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും എംബസി അറിയിച്ചു.
ആദ്യ ഘട്ടത്തിൽ, എല്ലാ സേവനങ്ങളും അൽ ഖുവൈറിലെ ഡിപ്ലോമാറ്റിക് ഏരിയയിലുള്ള എംബസി പരിസരത്ത് നിന്ന് തന്നെയാകും ലഭിക്കുക. തുടർന്ന്, 2025 ആഗസ്റ്റ് 15-ഓടെ ഈ 11 പുതിയ കേന്ദ്രങ്ങളും പൂർണ്ണമായി പ്രവർത്തനക്ഷമമാകും. മസ്‌കത്ത്, സലാല, സുഹാർ, ഇബ്രി, സുർ, നിസ്‌വ, ദുഖ്മ്, ഇബ്ര, ഖസബ്, ബുറൈമി, ബർക്ക എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
'2025 ജൂലൈ 1 മുതൽ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ പുതിയ സേവന ദാതാവായ എസ്ജിഐവിഎസ് ഗ്ലോബൽ സർവീസസ് വഴിയായിരിക്കും ലഭ്യമാക്കുക. മാറ്റത്തിന്റെ ഘട്ടത്തിൽ, എംബസിയിൽ നിന്ന് തന്നെയായിരിക്കും സേവനങ്ങൾ ലഭിക്കുക. 2025 ആഗസ്റ്റ് 15-ഓടെ ഒമാനിലുടനീളം 11 പുതിയ സമർപ്പിത കേന്ദ്രങ്ങൾ തുറക്കും. അപേക്ഷകർ അതനുസരിച്ച് ആസൂത്രണം ചെയ്യാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും നിർദ്ദേശിക്കുന്നു,' എംബസി ഒരു പൊതു അറിയിപ്പിൽ വ്യക്തമാക്കി. സേവനങ്ങളുടെ ഈ മാറ്റം നടക്കുന്ന സമയത്ത് ചെറിയ തടസ്സങ്ങൾ ഉണ്ടാവാം എന്നും, പൊതുജനങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും എംബസി നന്ദി രേഖപ്പെടുത്തുന്നതായും അറിയിപ്പിൽ പറയുന്നു. ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വഴി ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ ശ്രദ്ധിക്കണം.