< Back
Oman
Indian School Thumraith celebrates 15th anniversary amid crisis, no building of its own
Oman

സ്വന്തമായി കെട്ടിടമില്ല; പ്രതിസന്ധികൾക്കിടയിൽ ഇന്ത്യൻ സ്കൂൾ തുംറൈത്ത്‌ 15-ാം വാർഷികം ആഘോഷിക്കുന്നു

Web Desk
|
4 Feb 2026 10:37 AM IST

ഫെബ്രു.12 വ്യാഴം വൈകിട്ട് 7:30-ന് തുംറൈത്ത് വാലി ഓഫീസ് ഓഡിറ്റോറിയത്തിലാണ് ആഘോഷം

സലാല: സ്വന്തമായ കെട്ടിടമെന്ന സ്വപ്നം ഇനിയും പൂർത്തീകരിക്കാനാവാതെ സലാലക്കടുത്തുള്ള തുംറൈത്ത്‌ ഇന്ത്യൻ സ്കൂൾ പതിനഞ്ച്‌ വർഷം പൂർത്തിയാക്കുന്നു. മരുഭൂമിയുടെ തുടക്കമായ തുംറൈത്ത്‌ എന്ന കൊച്ചു പ്രദേശത്തെ സാധാരണക്കാരായ പ്രവാസി കുടുംബങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി 2011ലാണ് സ്കൂൾ തുടങ്ങുന്നത്‌. സ്കൂളിനാവശ്യമായ സ്ഥലത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് തുംറൈത്ത്‌ നിവാസികൾ. ബോർഡും മിനിസ്‌ട്രിയും കനിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

വാടക കെട്ടിടത്തിലും റെസിഡൻഷ്യൽ ഏരിയയിലുമായാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. ഇത്‌ ദൈനംദിന പ്രവർത്തനങ്ങൾക്ക്‌ പ്രയാസമുണ്ടാക്കുന്നുണ്ട്‌. പ്രവാസികളുടെ കുട്ടികളുടെ അടിസ്ഥാന ആവശ്യമായ സ്കൂളിന്റെ സ്വപ്‌നങ്ങൾക്ക്‌ നിറം പകരാൻ പ്രവാസി വ്യവസായികൾ ആരെങ്കിലും മുന്നോട്ട്‌ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ്‌ റസൽ മുഹമ്മദ്‌ പറഞ്ഞു. വാർഷികാഘോഷം ഫെബ്രുവരി 12 വ്യാഴം വൈകീട്ട് 7:30-ന് തുംറൈത്ത് വാലി ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും.

തുംറൈത്ത് ഡെപ്യൂട്ടി വാലി ശൈഖ് ഹൈത്തം സാലം ഗരീബി മുഖ്യാതിഥിയായിരിക്കും. ദോഫാർ സ്വകാര്യ സ്കൂൾ വിഭാഗം ഡയറക്ടർ ഡോ.അബ്ദുല്ല സയീദ് ഗവാസ്, ഇന്ത്യൻ സ്കൂൾസ് ബോർഡ് ഓഫ് ഡയറക്ടർ അംഗം നിധീഷ് കുമാർ, എഡ്യൂക്കേഷണൽ അഡ്വൈസർ എം.പി വിനോബ, സലാലയിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘവും രൂപീകരിച്ചിട്ടുണ്ട്‌. തുംറൈത്ത്‌ ആസ്ഥാനമായി വിപുലമായ ഇൻഡസ്‌ട്രിയൽ പാർക്ക്‌ നിർമിക്കാൻ കഴിഞ്ഞ ദിവസം സൗദി ഇൻവെസ്റ്റ്‌മന്റ്‌ അതോറിറ്റുമായി മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്‌. അത്‌ യാഥാർത്ഥ്യമായാൽ നൂറു കണക്കിന് പ്രവാസി കുടുംബങ്ങളാണ് ഇങ്ങോട്ട്‌ ചേക്കേറുക.

Similar Posts