< Back
Oman
Increasing job fraud in Oman; Ruvi Malayali Association files complaint with Norka Roots
Oman

ഒമാനിൽ വർധിച്ചു വരുന്ന തൊഴിൽ തട്ടിപ്പ്; നോർക്ക റൂട്ട്‌സിൽ പരാതി നൽകി റൂവി മലയാളി അസോസിയേഷൻ

Web Desk
|
15 July 2025 9:27 PM IST

ആറുമാസത്തിനുള്ളിൽ മാത്രം 100-ൽ അധികം മലയാളികൾ തൊഴിൽ തട്ടിപ്പുകൾക്ക് ഇരയായതായി അസോസിയേഷൻ

മസ്‌കത്ത്: ഒമാനിൽ വർധിച്ചു വരുന്ന തൊഴിൽ തട്ടിപ്പുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് റൂവി മലയാളി അസോസിയേഷൻ നോർക്ക റൂട്ട്‌സിൽ പരാതി നൽകി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മാത്രം 100-ൽ അധികം മലയാളികൾ വിവിധ തൊഴിൽ തട്ടിപ്പുകൾക്ക് ഇരയായതായി അസോസിയേഷൻ അറിയിച്ചു. സാധാരണക്കാരായ ആളുകളെയാണ് ചതിക്കുഴിയിൽ അകപ്പെടുത്തുന്നതെന്നും അസോസിഷൻ ചൂണ്ടിക്കാട്ടി. അസോസിയേഷൻ നൽകിയ പരാതിയോടൊപ്പം പ്രമുഖ കമ്പനിയുടെ വ്യാജ ജോബ് ഓഫർ ലെറ്ററിന്റെ പകർപ്പും ഹാജരാക്കിയിട്ടുണ്ട്.

പരാതിയിലെ പ്രധാന വിഷയങ്ങൾ:

വ്യാജ ജോലി ഓഫറുകൾ: പ്രമുഖ കമ്പനികളുടെ പേരിൽ കൃത്രിമമായി സൃഷ്ടിച്ച ലെറ്റർഹെഡുകൾ ഉപയോഗിച്ച് വാട്‌സ്ആപ്പ്, ഇമെയിൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി 'ജോബ് ഓഫർ' നൽകുന്നു. ഇന്ത്യയിലെ വിവിധ ഏജന്റുമാർ ഇതിനായി ഉപയോഗിക്കപ്പെടുന്നു.

വിസിറ്റിങ് വിസ വഴിയുള്ള കുടുക്കൽ: റസിഡൻസി വിസ ഉറപ്പ് നൽകിക്കൊണ്ട് ആളുകളെ വിസിറ്റിങ് വിസയിൽ ഒമാനിലേക്ക് കൊണ്ടുവരുന്നു. പിന്നീട് ജോലിയോ വിസയോ നൽകാതെ അവരെ അവഗണിക്കുന്നു.

പാസ്‌പോർട്ട് പിടിച്ചെടുക്കൽ: പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പലരും നിയമപരമായി എന്ത് ചെയ്യണമെന്നറിയാതെ ഒമാനിൽ കുടുങ്ങിക്കിടക്കുകയാണ്.

അരക്ഷിതാവസ്ഥ: ഏജന്റുമാർക്ക് ലക്ഷങ്ങൾ നൽകി ജോലി പ്രതീക്ഷിച്ച് എത്തിയ പലരും തൊഴിലും താമസ സൗകര്യവും ഇല്ലാത്ത അവസ്ഥയിലാണ് കഴിയുന്നത്.

റൂവി മലയാളി അസോസിയേഷൻ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ:

1. പ്രവാസികളെ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ കേരള സർക്കാർ പ്രത്യേക അവബോധ കാമ്പയിൻ നടത്തണം.

2.അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്റുമാരെ കണ്ടെത്തി കർശന നിയമ നടപടി സ്വീകരിക്കാനായി നോർക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കണം.

3.സുരക്ഷിത യാത്രാക്കായുള്ള മാർഗനിർദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുക.

4.പ്രവാസി സഹായ കേന്ദ്രങ്ങളിൽ ജോലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട പ്രത്യേക അപേക്ഷാ സംവിധാനം ഒരുക്കണം.

Similar Posts