
ഖരീഫ് സീസൺ നാളെ സമാപിക്കും
|ദോഫാർ സന്ദർശിച്ചത് പത്ത് ലക്ഷത്തിലേറെ പേർ
മസ്കത്ത്: ഒമാനിലെ ദോഫാറിനെ കുളിരണിയിച്ച ഖരീഫ് സീസൺ നാളെ സമാപിക്കും. സീസൺ അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ സന്ദർശകരുടെ ഒഴുക്കും വർധിച്ചിരുന്നു. ജൂണ്‍ 21 മുതല്‍ ഇതുവരെ പത്ത് ലക്ഷത്തിലധികം സന്ദർശകരാണ് ദോഫാര്‍ സന്ദര്‍ശിച്ച് മടങ്ങിയത്.
ജിസിസി രാജ്യങ്ങളിലെ ചൂടില്‍ ചുട്ടു പൊള്ളുമ്പോള്‍ മഴക്കുളിരില്‍ തണുപ്പു പരത്തുന്ന സലാലയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുകയായിരുന്നു. ഗള്‍ഫിലെ ജര്‍സീസ്, റസാത്ത്, ഹംറാന്‍, ശല്‍നൂത്ത്, മുഖ്ശല്‍ ബീച്ച്, വാദി ദര്‍ബാത്ത് എന്നിവിടങ്ങളിലേക്കെല്ലാം സന്ദർശക പ്രവാഹമായിരുന്നു. ആദ്യ മാസങ്ങളിൽ മഴ മാറി നിന്നെങ്കിലും പിന്നെ എത്തിയ മഴ വെള്ളച്ചാട്ടങ്ങളെയല്ലാം സജീവമാക്കി.
ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ 21നും ആഗസ്റ്റ് 31നും ഇടയിലായി മൊത്തം സന്ദർശകരുടെ എണ്ണം ഏകദേശം 10,27,255 ആയി. 2024 ലെ ഇതേ കാലയളവിൽ 10,06,635 സന്ദർശകരായിരുന്നു. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 1,79,246 ഉം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 1,13,784 പേരുമാണ്. സഞ്ചാരികളില്‍ വലിയൊരുഭാഗം പേരും എത്തിയത് റോഡ് മാര്‍ഗമാണ്. വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയവരും നിരവധിയുണ്ട്. ചൂട് ശക്തമായ മസ്‌കത്ത്, അല്‍ വുസ്ത, ബുറൈമി, ബാതിന മേഖലകളില്‍ നിന്നാണ് ഒമാനിൽ നിന്ന് കൂടുതൽ പേർ എത്തിയത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളില്‍ നിന്നാണ് രാജ്യത്ത് പുറത്ത് നിന്നുള്ള സഞ്ചാരികളില്‍ ഏറെയും.