< Back
Oman
കോഴിക്കോട്‌ സൗഹൃദക്കൂട്ടം സലാലയിൽ വിപുലമായ ഭക്ഷ്യമേള സംഘടിപ്പിച്ചു
Oman

കോഴിക്കോട്‌ സൗഹൃദക്കൂട്ടം സലാലയിൽ വിപുലമായ ഭക്ഷ്യമേള സംഘടിപ്പിച്ചു

Web Desk
|
14 Oct 2025 9:32 PM IST

കല്ലായി, പാളയം, വലിയങ്ങാടി, കുറ്റിച്ചിറ, മാനാഞ്ചിറ, മിഠായിത്തെരുവ് എന്നീ സ്റ്റാളുകളിലായി ഇരുനൂറിലധികം വിഭവങ്ങളാണ് ഒരുക്കിയത്

സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം ‘രുചിമേള സീസൺ 3’ എന്ന പേരിൽ നടത്തിയ ഭക്ഷ്യമേള കോഴിക്കോടൻ വിഭവങ്ങങ്ങളുടെ വൈവിധ്യം കൊണ്ട്‌ ശ്രദ്ധേയമായി. നഗരത്തിലെ ഇത്തിഹാദ് ക്ലബ്ബ് മൈതാനിയിൽ കല്ലായി, പാളയം, വലിയങ്ങാടി, കുറ്റിച്ചിറ, മാനാഞ്ചിറ, മിഠായിത്തെരുവ് എന്നീ സ്റ്റാളുകളിലായി ഇരുനൂറിലധികം വിഭവങ്ങളാണ് ഒരുക്കിയത്. പയ്യോളി ചിക്കൻ, മടക്കപ്പത്തിരി, കായ്പോള, ഇറാനി പോള, കുയ്യപ്പം, കുഞ്ഞിപ്പത്തിരി, ഉന്നക്കായ്, പഴംപൊരി- ബീഫ് കോംബോ എന്നീ വിഭവങ്ങൾ മേളയിൽ ഭക്ഷണപ്രേമികളുടെ മനംകവർന്നു. വിഭവങ്ങൾ ആസ്വദിക്കാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്‌.

കോൺസുലാർ ഏജന്റ്‌ ഡോ കെ സനാതനൻ മേള ഉദ്ഘാടനം ചെയ്തു. കെ എസ് കെ ജനറൽ സെക്രട്ടറി എ പി കരുണൻ, പ്രസിഡണ്ട് ഫിറോസ് കുറ്റ്യാടി, ദാസൻ എം കെ, ഡോ ഷാജി പി ശ്രീധർ, മുഹമ്മദ് റാഫി, രൺജിത് സിങ് സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. പ്രജിത്ത് പയ്യോളി, മധു വടകര, ദീപക് എൻ എസ്, ഹാരിസ് മഷൂർ തങ്ങൾ എന്നിവർ പരിപാടിക്ക് നേത്യതം നൽകി.

Similar Posts