< Back
Oman
Last year, nearly 40,000 visitors came to Wakan, Oman
Oman

കഴിഞ്ഞ വർഷം വകാനിലെത്തിയത് 40,000ത്തോളം സന്ദർശകർ

Web Desk
|
4 Feb 2026 9:54 PM IST

സൗത്ത് ബാത്തിന ഗവർണറേറ്റിലെ നഖ്ൽ വിലായത്തിലെ വാദി മിസ്തലിലാണ് വകാൻ വില്ലേജ്

മസ്‌കത്ത്: കൂടുതൽ സന്ദർശകരെ ആകർഷിച്ച് ഒമാനിലെ വകാൻ ഗ്രാമം, കഴിഞ്ഞ വർഷം വകാനിലെത്തിയത് 40,000ത്തോളം സന്ദർശകരാണ്. സവിശേഷമായ കാലാവസ്ഥ ആഗോള വിനോദസഞ്ചാരികൾക്ക് വർഷം മുഴുവനുമെത്താവുന്ന ഇടമാക്കി വകാനെ മാറ്റിയിരിക്കുകയാണ്.

സൗത്ത് ബാത്തിന ഗവർണറേറ്റിലെ നഖ്ൽ വിലായത്തിലെ വാദി മിസ്തലിലാണ് വകാൻ വില്ലേജ് സ്ഥിതിചെയ്യുന്നത്. ആപ്രിക്കോട്ട്, പീച്ച് പൂക്കളുടെ സീസണിൽ, മനോഹരമായ പ്രകൃതിദൃശ്യമാണ് വകാന്റെ പ്രത്യേകത. ജനുവരി മുതൽ ഫെബ്രുവരി വരെ ഗ്രാമം മുഴുവൻ നിറഞ്ഞുനിൽക്കുന്ന വെള്ളയും പിങ്ക് നിറത്തിലുള്ള പൂക്കളുടെ കാഴ്ച അതിമനോഹരമാണ്.

ജൂൺ തുടക്കത്തിൽ ആപ്രിക്കോട്ട്, ജൂലൈയിൽ അത്തിപ്പഴം, മാതളനാരങ്ങ, ആഗസ്റ്റിൽ പ്രാദേശിക മുന്തിരി എന്നിവയുടെ വിളവെടുപ്പ് സീസണിന് തുടക്കമാകും. ഇതോടെ വേനൽകാലത്തും സന്ദർശകരെത്തുന്ന ഇടമായി വകാൻ മാറും. സാഹസിക വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്ന, പർവത താമസ സൗകര്യങ്ങൾ, പുരാതന കാർഷിക പാതകളിലൂടെയും പർവത പാതകളിലൂടെയുമുള്ള ഹൈക്കിങ് എന്നിവയുൾപ്പെടെ വകാനിൽ അനുഭവിക്കാനാവും. നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാതന പള്ളിയും ഗ്രാമത്തിലുണ്ട്. ഗവർണറേറ്റിന്റെ ടൂറിസം ഭൂപടത്തിൽ വകനെ പ്രധാന ലക്ഷ്യസ്ഥാനമായി ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സുരക്ഷാ തടസ്സങ്ങളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിച്ച് പർവത പാതകൾ വികസിപ്പിക്കും പരമ്പരാഗത വീടുകളെ അതിഥി മന്ദിരങ്ങളാക്കി മാറ്റി പ്രദേശവാസികളുടെ സാമ്പത്തിക മുന്നേറ്റത്തിന് സഹായിക്കും.

Similar Posts