< Back
Oman
പ്രാദേശിക ആവശ്യകത ശക്തം; ഒമാനിൽ സ്വർണ്ണ വ്യാപാരം കുതിച്ചുയർന്നു
Oman

പ്രാദേശിക ആവശ്യകത ശക്തം; ഒമാനിൽ സ്വർണ്ണ വ്യാപാരം കുതിച്ചുയർന്നു

Web Desk
|
6 April 2025 3:55 PM IST

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റേതാണ് കണക്കുകൾ

മസ്കത്ത്: 2024 ലെ ആദ്യ പതിനൊന്ന് മാസങ്ങളിൽ ഒമാന്റെ സ്വർണ്ണ വ്യാപാരത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായി. ആഭ്യന്തര, പ്രാദേശിക ആവശ്യകതകൾ ശക്തമായതോടെ സ്വർണത്തിന്റെ ഇറക്കുമതി, കയറ്റുമതി, പുനർകയറ്റുമതി എന്നിവയിൽ ശ്രദ്ധേയമായ വർധനവുണ്ടായി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം 2024 നവംബർ അവസാനത്തോടെ സ്വർണ്ണ ഇറക്കുമതി 372 മില്യൺ റിയാലിലെത്തിയെന്നാണ്. 2023 ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 316.9 മില്യൺ റിയാലായിരുന്നു. 17.4% വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തം ഇറക്കുമതി അളവ് 15,439 കിലോഗ്രാമായി ഉയർന്നു, ഒരു വർഷം മുമ്പ് ഇത് 14,358 കിലോഗ്രാം ആയിരുന്നു. മൊത്തം ഇറക്കുമതി മൂല്യത്തിന്റെ 92.1% അഥവാ 342.7 മില്യൺ റിയാലുമായി യുഎഇ ആണ് ഒമാനിലേക്കുള്ള ഏറ്റവും വലിയ വിതരണക്കാർ. തൊട്ടുപിന്നിൽ 11.3 മില്യൺ റിയാലുമായി യെമനും 6.4 മില്യൺ റിയാലുമായി സുഡാനുമുണ്ട്. 3.2 മില്യൺ റിയാലും 1.7 മില്യൺ റിയാലുമായി ഹോങ്കോങ്ങും യുഎസുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. ഒമാനിൽ നിന്നുള്ള കയറ്റുമതിയും ശക്തമായ വളർച്ച രേഖപ്പെടുത്തി. 2023ൽ 1,526 കിലോഗ്രാം ആയിരുന്ന മൊത്തം കയറ്റുമതി അളവ് കഴിഞ്ഞ വർഷം 2,198 കിലോഗ്രാമായി വർധിച്ചു.

Related Tags :
Similar Posts