< Back
Oman
Lulu launches India Utsav with variety of Indian flavors
Oman

ഇന്ത്യൻ രുചി വൈവിധ്യങ്ങളുമായി 'ഇന്ത്യ ഉത്സവി'ന് ലുലുവിൽ തുടക്കം

Web Desk
|
27 Jan 2025 3:31 PM IST

ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു

മസ്‌കത്ത്: ഒമാനിൽ ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ലുലുവിൽ 'ഇന്ത്യ ഉത്സവി'ന് തുടക്കമായി. ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം എടുത്തുകാണിക്കുന്നതിനായി ഒരുക്കിയ പ്രമോഷനൽ കാമ്പയിൽ ഫെബ്രുവരി രണ്ടുവരെ സുൽത്താനേറ്റിൽ ഉടനീളമുള്ള ലുലു ഔട്ട്ലെറ്റുകളിൽ നടക്കും. ഭക്ഷണം, പലചരക്ക്, ലൈഫ്സ്റ്റൈൽ, ഫാഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും മികച്ച ഇന്ത്യൻ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ഇതിലൂടെ അനുഭവിച്ചറിയാനാവും.

ദാർസൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ, ലുലുവിലെ വിശിഷ്ട വ്യക്തികൾ, ഉപഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.

പ്രദർശനത്തിലുള്ള വിവിധ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അതിശയകരമായ പ്രമോഷനുകളും ഓഫറുകളും ഉണ്ടാകും. തിരഞ്ഞെടുത്ത ബ്രാൻഡുകളുടെ വീട്ടുപകരണങ്ങളും ഈ പ്രമോഷന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച വിഭവങ്ങളുടെ യഥാർഥ രുചിയും പാചക അനുഭവവും ആസ്വദിക്കാൻ ഈ ഉത്സവം ഉപഭോക്താക്കൾക്ക് അവസരം നൽകും. ഇന്ത്യൻ മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും ആസ്വദിക്കാൻ പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഒമാനിൽ ഇന്ത്യ ഉത്സവ് സംഘടിപ്പിക്കുന്നതിൽ ലുലുവിനെ അഭിനന്ദിച്ച അംബാസഡർ, ഓരോ ഇന്ത്യൻ പൗരനും ഈ പരിപാടിയുടെ ഭാഗമാകാൻ കഴിയുന്നത് വളരെ സവിശേഷമായ ഒരു അവസരമാണെന്നും പറഞ്ഞു.

ഇന്ത്യൻ സംസ്‌കാരത്തിന്റെ സൗന്ദര്യവും വൈവിധ്യവും പ്രദർശിപ്പിക്കുന്നതിനായി 'ഇന്ത്യ ഉത്സവ് 2025' സംഘടിപ്പിക്കുന്നതിൽ സന്തോഷമുണെന്ന് ഒമാൻ ലുലു ഹൈപ്പർമാർക്കറ്റ്‌സ് റീജിയണൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ ശൃംഖലയിൽനിന്ന് നിരവധി ഇന്ത്യൻ ഉൽപന്നങ്ങളാണ് എത്തിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു.

ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കും അനുയോജ്യമായ ഡിസൈനർ വസ്ത്രങ്ങളും ട്രെൻഡി ഫാഷൻ വസ്ത്രങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി, കാമ്പയിൻ കാലയളവിലുടനീളം വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളുടെ സാമ്പിളുകൾ ഉപഭോക്താക്കൾക്ക് രുചിച്ച് നോക്കാനും സാധിക്കും. ഇന്ത്യ ഉത്സവ് പ്രമോഷനുകൾ ഓൺലൈനിലും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

Similar Posts