
പ്രവാസികളുടെ വർക്ക് പെർമിറ്റ് ലളിതമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം
|പുതിയ പെർമിറ്റ് ഇല്ലാതെ ചെറിയ ഫീസ് വ്യത്യാസത്തിൽ തൊഴിലാളിയുടെ ജോലി കാറ്റഗറി മാറ്റാം
മസ്കത്ത്: നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി വർക്ക് പെർമിറ്റ് ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. പുതിയ നടപടി പ്രകാരം, പ്രവാസി തൊഴിലാളികളുടെ താമസ കാലാവധിയനുസരിച്ചാണ് വർക്ക് പെർമിറ്റുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ നിലനിർത്തും. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, രോഗികൾ എന്നിവരുടെ പരിചരണത്തിന് നിയമിക്കുന്ന വീട്ടുജോലിക്കാരുടെ പെർമിറ്റ് ഫീസുകൾ പൂർണമായി ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ പെർമിറ്റ് ഇല്ലാതെ തന്നെ ചെറിയ ഫീസ് വ്യത്യാസത്തിൽ തൊഴിലുടമകൾക്ക് ഇനി മുതൽ തൊഴിലാളിയുടെ ജോലി കാറ്റഗറി മാറ്റാൻ സാധിക്കും. ചാരിറ്റി, പള്ളികൾ തുടങ്ങി സിവിൽ സൊസൈറ്റി, മനുഷ്യാവകാശ സംഘടനകൾക്കും മതസ്ഥാപനങ്ങൾക്കും ഫീസ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 141 ഒമാനി റിയാലുണ്ടായിരുന്നത് 101 ഒമാനി റിയാലായി ചുരുക്കി. സ്വദേശിവത്കരണം മാനദണ്ഡമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 30 ശതമാനം വരെ ഫീസ് ഇളവ് നൽകും. എന്നാൽ നിശ്ചയിച്ച സ്വദേശിവത്കരണം മാനദണ്ഡമാക്കാത്ത സ്ഥാപനങ്ങൾക്ക് ഇരട്ടി ഫീസാകും ഈടാക്കുക.
കൃത്യസമയത്ത് തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പരമാവധി 500 ഒമാനി റിയാൽ വരെ പിഴ ലഭിക്കും. അതേസമയം തൊഴിലാളിയുടെ മരണം, വിസ മാറ്റം, തൊഴിലാളി രാജ്യം വിടുക തുടങ്ങിയ സാഹചര്യങ്ങളിൽ ഫീസ് ഇളവുണ്ടാകും. വിസ അംഗീകാരം ലഭിക്കാതിരിക്കുക, മെഡിക്കൽ പരിശോധന പരാജയപ്പെടുക, തൊഴിലാളിയുടെ മടക്കം, 90 ദിവസത്തിനുള്ളിലെ ജോലിമാറ്റം എന്നിങ്ങനെ പെർമിറ്റ് ഉപയോഗിക്കാനാകാത്ത സാഹചര്യത്തിൽ റീഫണ്ടോ കുറഞ്ഞ ഫീസിൽ പകരം പെർമിറ്റോ ലഭിക്കുന്നതായിരിക്കും.
തൊഴിലുടമയുടെ മരണം, തൊഴിലാളി ജയിലിലാവുക, അല്ലെങ്കിൽ പാസ്പോർട്ട് അധികൃതർ പിടിച്ചെടുക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ പെർമിറ്റ് കാലതാമസത്തിനുള്ള പിഴ ഒഴിവാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വിപണിയിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്ന് മന്ത്രാലയം അറിയിച്ചു.