
2026ലെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ മസ്‌കത്തും
|2026 ഇഎംഇഎ ടിക്കറ്റ് ടു ട്രാവൽ റിപ്പോർട്ടിലാണ് നിരീക്ഷണം
മസ്‌കത്ത്: 2026ലെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ മസ്‌കത്തും. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (EMEA) എന്നിവിടങ്ങളിൽ നിന്ന് അടുത്ത വർഷം അവധിക്കാല യാത്ര നടത്താൻ പദ്ധതിയിടുന്ന 79 ശതമാനം യാത്രക്കാരുടെയും ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിലാണ് ഒമാൻ തലസ്ഥാനവും ഉൾപ്പെട്ടത്. മാരിയറ്റ് ബോൺവോയുടെ 2026 ഇഎംഇഎ ടിക്കറ്റ് ടു ട്രാവൽ റിപ്പോർട്ടിലാണ് നിരീക്ഷണം. 2025-ലുണ്ടായിരുന്നതിനേക്കാൾ കൂടുതലോ തുല്യമോ ആയ അവധിക്കാല യാത്രകൾ 2026-ൽ നടത്താൻ പദ്ധതിയിടുന്നതായാണ് പഠനത്തിൽ പങ്കെടുത്ത യാത്രികർ പറയുന്നത്.
നോർവേയിലെ ഓസ്ലോ, അൾജീരിയയിലെ അൾജിയേഴ്‌സ്, ക്രൊയേഷ്യയിലെ സ്പ്ലിറ്റ്, സാഗ്രെബ്, ഡെൻമാർക്കിലെ കോപ്പൻഹേഗൻ എന്നിവയാണ് യാത്രികരുടെ പ്രിയപ്പെട്ട ഇതര ഡെസ്റ്റിനേഷനുകളെന്നാണ് മാരിയറ്റ് ബോൺവോയിയുടെ ബുക്കിംഗ് ഡാറ്റ വിശകലനം. തീർച്ചയായും സന്ദർശിക്കേണ്ട മികച്ച 10 ഡെസ്റ്റിനേഷനുകളിൽ യുഎഇയും സൗദി അറേബ്യയും ഉൾപ്പെടുന്നുണ്ട്.
ഇഎംഇഎയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ യാത്രാ ആസൂത്രണത്തിനായി എഐയെ വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പഠനത്തിലെ യാത്രക്കാരിൽ പകുതിയും (50 ശതമാനം) അവധിക്കാലം ആസൂത്രണം ചെയ്യാൻ എഐ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയുന്നു. കഴിഞ്ഞ വർഷം ഇത് 41 ശതമാനമായിരുന്നു. അതിന് മുമ്പുള്ള വർഷം വെറും 26 ശതമാനവുമായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ശക്തമായ വർധനവാണുണ്ടായത്.