< Back
Oman
muscat book fest
Oman

മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള: 28ാമത് പതിപ്പിന് സമാപനം

Web Desk
|
3 March 2024 12:14 AM IST

സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ദിനേനെ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്

മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 28ാമത് പതിപ്പിന് സമാപനമായി. കഴിഞ്ഞ 11 ദിവസങ്ങളിലും അക്ഷര പ്രേമികൾ കൊണ്ട് സമ്പന്നമായിരുന്നു ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിലെ പുസ്തക നഗരി.

മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ദിനേനെ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. വിവിധ പവലിയനുകളിൽ സാംസ്കാരിക, വിനോദ പരിപാടികളും അരങ്ങേറി.

ഫലസ്തീൻ അടക്കമുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളും നടന്നു. 34 രാജ്യങ്ങളിൽനിന്നായി 847 പ്രസാധക സ്ഥാപനങ്ങൾ ആയിരുന്നു പങ്കെടുത്തിരുന്നത്. ദാഹിറയായിരുന്നു ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. ദാഹിറയുടെ ബൗദ്ധിക സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്ന പ്രത്യേക പവലിയനും പരിപാടികളും സന്ദർശകരെ ആകർഷിക്കുന്നതായി.

മേളയിലെത്തുന്ന സന്ദർശകരെ വഴികാട്ടാനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റോബോട്ടുകളും ത്രീഡി മാപ്പും ഒരുക്കിയിരുന്നു. ‘സംസ്കാരത്തിലും പുസ്തക പ്രസിദ്ധീകരണത്തിലും നിർമിത ബുദ്ധിയുടെ സ്വാധീനം’ എന്നതായിരുന്നു ഈ വർഷത്തെ മേളയുടെ പ്രതിപാദ വിഷയം. മലയാള പുസ്തകങ്ങളുമായി ഡി.സി ബുക്സും അൽബാജ് ബുക്സും മേളയിലുണ്ടായിരുന്നു. സമാപന ദിവസമായ ശനിയാഴ്ച നല്ല തിരക്കായിരുന്നു സ്റ്റാളുകളിൽ അനുഭവപ്പെട്ടത്.

Similar Posts