< Back
Oman
Muscat is among the safest cities in the world
Oman

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മസ്‌കത്ത്

Web Desk
|
20 Jan 2025 6:09 PM IST

382 ന​ഗരങ്ങൾക്കിടയിൽനിന്ന് ഏഴാം സ്ഥാനം

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മസ്‌കത്ത്. 382 ന​ഗരങ്ങൾക്കിടയിൽ നിന്ന് ഏഴാം സ്ഥാനമാണ് ഒമാൻ തലസ്ഥാനം നേടിയത്. തായ്വാനിലെ തായ്പേയ്, അയൽക്കാരായ അബൂദബി, ദുബൈ, ഷാർജ, മനാമ, ദോഹ എന്നിവയ്ക്ക് പിന്നിലാണ് നഗരം.

കാറുകൾ മോഷ്ടിക്കപ്പെടൽ, കവർച്ച, അപമാനിക്കപ്പെടൽ, ആക്രമണങ്ങൾ, ശാരീരിക ആക്രമണങ്ങൾ (നിറം, വംശം, ലിംഗഭേദം അല്ലെങ്കിൽ മതം), മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ, മോഷണം, സായുധ കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള സാധ്യത മസ്‌കത്തിൽ വളരെ കുറവാണെന്നാണ് ഓൺലൈൻ ഡാറ്റാബേസായ നംബിയോ വ്യക്തമാക്കുന്നത്.

പകൽ സുരക്ഷിതമായി ഒറ്റയ്ക്ക് നടക്കുന്നതിന്റെയും രാത്രി സുരക്ഷിതമായി ഒറ്റയ്ക്ക് നടക്കുന്നതിന്റെയും കാര്യത്തിൽ നഗരത്തിന് ഉയർന്ന സ്‌കോറാണുള്ളത്.

ഒരു നിശ്ചിത നഗരത്തിലെയോ രാജ്യത്തെയോ കുറ്റകൃത്യങ്ങളുടെ മൊത്തത്തിലുള്ള നിലവാരത്തിന്റെ കണക്കാണ് ക്രൈം ഇൻഡക്സ്. കുറ്റകൃത്യങ്ങളുടെ അളവ് 20 ൽ താഴെയാണെങ്കിൽ വളരെ കുറവ്, 20 നും 40 നും ഇടയിലാണെങ്കിൽ കുറവ്, 40 നും 60 നും ഇടയിലാണെങ്കിൽ മിതം, 60 നും 80 നും ഇടയിലാണെങ്കിൽ കൂടുതൽ, 80 ൽ കൂടുതലാണെങ്കിൽ വളരെ കൂടുതൽ എന്നിങ്ങനെയാണ് കണക്കാക്കപ്പെടുന്നത്.

ക്രൈം ഇൻഡക്‌സിന് വിപരീതമാണ് സേഫ്റ്റി ഇൻഡക്‌സ്. നഗരത്തിന് ഉയർന്ന സുരക്ഷാ സൂചിക ഉണ്ടെങ്കിൽ, അത് വളരെ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കാനായി മസ്‌കത്ത് ഗവർണറേറ്റ് സാമ്പത്തിക, ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്ന നിരവധി പ്രധാന വികസന പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

Similar Posts