
കാർപൂളിങ് സംവിധാനം പരിഗണിക്കണമെന്ന് യാത്രക്കാരോട് മസ്കത്ത് മുനിസിപ്പാലിറ്റി
|ഗതാഗതക്കുരുക്ക്, പരിസ്ഥിതി മലിനീകരണം എന്നിവ കുറക്കാൻ ഇത് സഹായിക്കും
മസ്കത്ത്: ഒരേ വാഹനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്ന കാർപൂളിങ് സംവിധാനം പരിഗണിക്കണമെന്ന് യാത്രക്കാരോട് മസ്കത്ത് മുനിസിപ്പാലിറ്റി. ഗതാഗതക്കുരുക്ക്, പരിസ്ഥിതി മലിനീകരണം എന്നിവ കുറക്കാൻ ഇത് സഹായിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിക്കുന്നു.
മസ്കത്തിൽ കാർപൂളിങ് അത്ര പ്രചാരണം നേടിയിട്ടില്ല. എന്നാൽ, ഷെയർ ടാക്സികൾ എന്ന ആശയം കുറച്ച് വർഷങ്ങൾക്ക് മുമ്പുതന്നെ പ്രവാസികളെ ആകർഷിച്ചിരുന്നു. കുറഞ്ഞ ശമ്പളമുള്ള പ്രവാസികൾ ഓഫിസുകളിലേക്കും വീട്ടിലേക്കും ദിനേനെ യാത്ര ചെയ്യാൻ ഇത്തരം ഷെയർ ടാക്സികളെയാണ് ആശ്രയിക്കുന്നത്. ഈ സംവിധാനം നിരത്തുകളിൽ അധിക വാഹനം വരുന്നത് കുറക്കുകയും വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും കാർബൺ ബഹിർഗമനത്തിനും കുറവ് വരുത്തുകയും ചെയ്യുന്നു. അതേസമയം, സുൽത്താനേറ്റിൽ പൊതുഗതാഗതത്തിനും സ്വീകാര്യത വർധിക്കുന്നുണ്ട്. 2024ൽ 12,000 പ്രതിദിന യാത്രക്കാർ എന്ന നിരക്കിൽ മുവാസലാത്ത് 4.7 ദശലക്ഷത്തിൽ അധികം യാത്രക്കാരെയാണ് വഹിച്ചത്. ഫെറികൾ 671 പ്രതിദിന യാത്രക്കാർ എന്ന നിരക്കിൽ 244,862 യാത്രക്കാരെയും 60,000 വാഹനങ്ങളെയും കൊണ്ടുപോയി.