< Back
Oman
Indians traveled the most through Muscat airport in December 2024
Oman

എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി മസ്‌കത്ത്, സലാല വിമാനത്താവളങ്ങൾ

Web Desk
|
13 March 2025 10:09 PM IST

മികച്ച സേവനത്തിനും യാത്രാനുഭവവത്തിനും പുരസ്‌കാരം

മസ്‌കത്ത്: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി മസ്‌കത്ത്, സലാല വിമാനത്താവളങ്ങൾ. മികച്ച സേവനത്തിനും യാത്രാനുഭവവത്തിനും 2024ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡുകളാണ് സുൽത്താനേറ്റിലെ രണ്ട് പ്രധാന വിമാനത്താളവളങ്ങൾക്ക് ലഭിച്ചത്.

മിഡിൽ ഈസ്റ്റിലെ ആഗോള വിമാനത്താവള സേവന നിലവാരത്തിനാണ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും സലാല വിമാനത്താവളത്തിനും എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിൽ നിന്നുള്ള അംഗീകാരങ്ങൾ ലഭിച്ചത്. ലോകമെമ്പാടുമുള്ള യാത്രക്കാരുടെ പുറപ്പെടൽ പോയിന്റുകളിലെ പ്രകടന സൂചകങ്ങൾ വിലയിരുത്തുന്ന എസിഐയുടെ മൂല്യനിർണയ സർവേയെ അടിസ്ഥാനമാക്കിയാണ് ഈ അവാർഡുകൾ.

5 മുതൽ 15 ദശലക്ഷം വരെ യാത്രക്കാരെ ഉൾക്കൊള്ളുന്ന വിഭാഗത്തിൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് 'മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം' എന്ന പുരസ്‌കാരം ലഭിച്ചു. ഒപ്പം 'മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സ്റ്റാഫ് പ്രകടനം', 'മിഡിൽ ഈസ്റ്റിലെ ഏറ്റവും എളുപ്പമുള്ള വിമാനത്താവള യാത്ര', 'മിഡിൽ ഈസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം' എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങളും മസ്‌കത്ത് വിമാനത്താവളത്തെ തേടിയെത്തി.

2 ദശലക്ഷത്തിൽ താഴെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങൾക്കുള്ള വിഭാഗത്തിൽ സലാല വിമാനത്താവളത്തെ 'മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം' ആയി അംഗീകരിച്ചു. 'മിഡിൽ ഈസ്റ്റിലെ മികച്ച സ്റ്റാഫ് പ്രകടനം', 'മിഡിൽ ഈസ്റ്റിലെ ഏറ്റവും എളുപ്പമുള്ള വിമാനത്താവള യാത്ര', 'മിഡിൽ ഈസ്റ്റിലെ ഏറ്റവും ആസ്വാദ്യകരമായ വിമാനത്താവളം', 'മിഡിൽ ഈസ്റ്റിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം' എന്നിങ്ങനെയുള്ള അവാർഡുകളും സലാല വിമാനത്താവളത്തിനുണ്ട്. നേട്ടം കൈവരിക്കാൻ തങ്ങളുടെ ടീമും പങ്കാളികളും കഠിനമായി പ്രയത്‌നിച്ചു. അവരുടെ സമർപ്പണം ആഗോള വേദിയിൽ ഒമാൻ വിമാനത്താവളങ്ങളുടെ സ്ഥാനം ഉയർത്തുകയും ചെയ്‌തെന്ന് ഒമാൻ എയർപോർട്ട്‌സ് പ്രസ്താവനയിൽ പറഞ്ഞു.

Similar Posts