
മത്ര കേബിൾ കാർ പദ്ധതി 71 ശതമാനം പൂർത്തിയായി
|സുൽത്താനേറ്റിലെ പുതിയ ടൂറിസ്റ്റ് ഐക്കണായി മത്ര കേബിൾ കാർ പദ്ധതി മാറും
മസ്കത്ത്: മസ്കത്തിലെ മത്ര കേബിൾ കാർ പദ്ധതിയുടെ നിർമ്മാണം 71 ശതമാനം പൂർത്തിയായി. അടുത്തവർഷം ആദ്യ പാദത്തിൽ പ്രവർത്തനക്ഷമാകും. പ്രൊജക്ട് യാഥാർഥ്യമാവുന്നതോടെ ചരിത്രത്തെ ആധുനികതയുമായി സംയോജിപ്പിക്കുന്ന സുൽത്താനേറ്റിലെ പുതിയ ടൂറിസ്റ്റ് ഐക്കണായി മത്ര കേബിൾ കാർ പദ്ധതി മാറും.
ടൂറിസം അനുഭവം മെച്ചപ്പെടുത്തൽ, സാമ്പത്തിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കൽ, മത്രയിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. മത്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ആകാശ സഞ്ചാര യാത്രയാണ് പ്രധന ആകർഷണം.
മത്ര മത്സ്യ മാർക്കറ്റിന് സമീപമുള സ്റ്റേഷനിൽ നിന്നാണ് കേബിൾ കാർ സർവിസ് ആരംഭിക്കുക. ഇവിടെ നിന്ന് വിനോദ സഞ്ചാരികളെ മലമുകളിലുള്ള രണ്ടാം സ്റ്റേഷനിലേക്ക് കൊണ്ടുപോവും. ഇവിടെ ഇറങ്ങുന്ന സന്ദർശകർക്ക് വിശ്രമിക്കാനും ഫ്ലവർ പാർക്ക് സന്ദർശിക്കാനും കഴിയും. കേബ്ൾ കാർ സർവിസുകൾക്ക് മൂന്ന് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. മത്ര മത്സ്യ മാർക്കറ്റിന് സമീപമാണ് ഒന്നാം സ്റ്റേഷൻ, റിയാൻ പാർകിന് പിന്നിലുള്ള മല മുകളിലാണ് രണ്ടാം സ്റ്റേഷൻ. ഇവിടെ മത്രയുടെ കടൽ തീരം മുഴുവൻ കാണാനാവും. മുന്നാം സ്റ്റേഷൻ ഫ്ലവർ പാർക്കാണ്. പൂന്തോട്ടം, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്, എന്നിവയാണ് മലമുകളിലെ സ്റ്റേഷനിൽ ഉണ്ടാവുക. ഫ്ലവർ പാർക്കിൽ റസ്റ്റോറൻുകളും ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളുടെ പ്രദർശന ശാലകളും ഉണ്ടാവും.