< Back
Oman
Khareef season: New tourism projects in Dhofar Governorate
Oman

ഖരീഫ് സീസൺ: ദോഫാർ ഗവർണറേറ്റിൽ പുതിയ ടൂറിസം പദ്ധതികൾ

Web Desk
|
12 Jun 2025 5:06 PM IST

പ്രൈവറ്റ് മ്യൂസിയം, ത്രീ സ്റ്റാർ ഹോട്ടൽ, ആഡംബര അപ്പാർട്ട്‌മെന്റ് സമുച്ചയം എന്നിവയാണ് തുറന്നത്

സലാല: വരാനിരിക്കുന്ന ഖരീഫ് ദോഫാർ സീസണിന് മുന്നോടിയായി ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം ഗവർണറേറ്റിൽ നിരവധി പുതിയ ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ദോഫാർ പ്രൈവറ്റ് മ്യൂസിയം, മിർബാത്തിലെ 84 മുറികളുള്ള ത്രീ സ്റ്റാർ ഹോട്ടൽ, സലാലയിലെ 216 മുറികളുള്ള ആഡംബര സർവീസ്ഡ് അപ്പാർട്ട്‌മെന്റ് സമുച്ചയം എന്നിവയാണ് പുതുതായി തുറന്ന സൗകര്യങ്ങൾ. ഇതോടെ ദോഫാറിൽ ലൈസൻസുള്ള ടൂറിസം സ്ഥാപനങ്ങളുടെ ആകെ എണ്ണം 100 ആയി ഉയർന്നു. ഇവയിലാകെ 8,000-ത്തിലധികം ഹോട്ടൽ മുറികളാണുള്ളത്. സന്ദർശക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അൽ ഹാഫഃ ബീച്ച് മാർക്കറ്റിൽ പുതിയ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററും തുറന്നിട്ടുണ്ട്.

ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം പരിപാടികളിലൊന്നാണ് ഖരീഫ് സീസണെന്ന് ദോഫാർ ഗവർണറേറ്റിലെ പൈതൃക, ടൂറിസം ഡയറക്ടർ ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ അബ്രി പറഞ്ഞു. സവിശേഷ മൺസൂൺ കാലാവസ്ഥയാണ് ദോഫാറിനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന പ്രധാന സ്ഥലമാക്കി മാറ്റുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസിയോട് (ഒഎൻഎ) സംസാരിക്കവെ, അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ ഖരീഫ് സീസണിനായി മന്ത്രാലയം സമഗ്ര പ്രമോഷണൽ കാമ്പയിൻ നടപ്പാക്കിയിട്ടുണ്ട്. ദുബൈയിൽ നടന്ന അറബ് ട്രാവൽ മാർക്കറ്റ് 2025 പോലുള്ള അന്താരാഷ്ട്ര യാത്രാ പ്രദർശനങ്ങളിലടക്കം പങ്കെടുത്തു. സീസണിലെ പരിപാടികൾ പ്രഖ്യാപിക്കാൻ ദോഫാർ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വാർത്താസമ്മേളനവും നടത്തി.

ഫ്ളൈനാസ്, സൗദി എയർലൈൻസ് (ഫ്ളൈഡീൽ), കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികൾ സലാല വിമാനത്താവളത്തിലേക്ക് നടത്തുന്ന പുതിയ നേരിട്ടുള്ള വിമാന സർവീസുകൾ എടുത്തുകാണിച്ചുകൊണ്ട് സൗദിയിലും കുവൈത്തിലും പ്രമോഷണൽ വർക്ക്ഷോപ്പുകളും നടത്തി.

Similar Posts