< Back
Oman
സന്ദർശകരുടെ മനം കവർന്ന് ഒമാൻ എക്രോസ് ഏജസ് മ്യൂസിയം
Oman

സന്ദർശകരുടെ മനം കവർന്ന് ഒമാൻ എക്രോസ് ഏജസ് മ്യൂസിയം

Web Desk
|
23 July 2023 11:03 PM IST

80,000ത്തിലധികം ആളുകൾ ഒമാന്‍റെ ചരിത്ര ശേഷിപ്പുകളും പൈതൃകങ്ങളും തേടി മ്യൂസിയത്തിൽ എത്തിയത്.

മസ്കത്ത്: ഈ വർഷം പുതുതായി തുറന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദർശകരുടെ മനം കവരുന്നു. ഇതിനകം 80,000ത്തിലധികം ആളുകൾ ഒമാന്‍റെ ചരിത്ര ശേഷിപ്പുകളും പൈതൃകങ്ങളും തേടി മ്യൂസിയത്തിൽ എത്തിയത്. സുൽത്താനേറ്റിന്‍റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയം ആണ് ഒമാൻ എക്രോസ് ഏജസ് മ്യൂസിയം.

12,150 ഒമാനി ഇതര സന്ദർശകരും 67,350 ഒമാനി പൗരന്മാരുമാണ് ഇതിനകം എത്തിയത്. വൈവിധ്യമാർന്ന ആളുകളെ ആകർഷിക്കാനുള്ള മ്യൂസിയത്തിന്റെ കഴിവാണ് ഇത്രയും ആളുകളെ കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. ഒമാന്‍റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന മ്യൂസിയം ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലാണുള്ളത്. മാർച്ച് 13ന് സുൽത്താൻ ഹൈതം ബിൻ താരിഖാണ് നാടിന് സമർപ്പിച്ചത്.

ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്‍റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് 'നവോത്ഥാന ഗാലറി'യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Similar Posts