
2024ലെ ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ: 19-ാം സ്ഥാനം നേടി ഒമാൻ എയർ
|എയർഹെൽപ്പ് വെബ്സൈറ്റാണ് റിപ്പോർട്ട് തയ്യാറാക്കിയത്
മസ്‌കത്ത്: 2024ൽ ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിൽ 19-ാം സ്ഥാനം നേടി ഒമാൻ എയർ. ലോകമെമ്പാടുമുള്ള 54-ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് എയർഹെൽപ്പ് വെബ്സൈറ്റാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മിഡിൽ ഈസ്റ്റിൽ 4-ാം സ്ഥാനത്താണ് ഒമാൻ എയർ. ഓൺ-ടൈം പ്രകടനത്തിൽ 9/10, ഉപഭോക്തൃ അഭിപ്രായങ്ങളിൽ 8.5/10, ക്ലെയിം പ്രോസസ്സിംഗിൽ 4.1/10 ഉം, എന്നിങ്ങനെയാണ് ഒമാൻ എയറിന്റെ സ്‌കോർ.
2024 ജനുവരി ആരംഭം മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിൽ, ലോകമെമ്പാടുമുള്ള 54ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറിക്കിയത്. ക്യാബിൻ ക്രൂ സേവനം, യാത്രാവേളയിലെ സൗകര്യം, ശുചിത്വം, ഭക്ഷണ മെനുകളുടെ ഗുണനിലവാരം, വിമാനത്തിലെ വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുന്ന അഞ്ച് ഘടകങ്ങളിലൂടെ എയർലൈനുകളെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം കൃത്യനിഷ്ഠ പാലിക്കുന്ന എയർലൈനുകളിൽ 2024 ഡിസംബറിൽ ഒമാൻ എയർ ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനം നിലനിർത്തിയിരുന്നു. 91.6% വിമാനങ്ങളും ഷെഡ്യൂളിൽ എത്തിയതോടെ ഒമാൻ എയർ അതിന്റെ സ്ഥാനം നിലനിർത്തിയത്.