
വിഷബാധ: ഒമാനിൽ 'യുറാനസ് സ്റ്റാർ' കുപ്പിവെള്ളത്തിന് നിരോധനം
|കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് പൗരനും പ്രവാസി സ്ത്രീയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു
മസ്‌കത്ത്: ഒമാനിൽ കുപ്പിവെള്ളത്തിൽനിന്ന് വിഷബാധയേറ്റ് സ്വദേശി പൗരനുൾപ്പടെ രണ്ടുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ നിരീക്ഷണം ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. കഴിഞ്ഞ ദിവസം സുവൈഖ് വിലായത്തിലാണ് ദാരുമായ സംഭവം നടന്നത്. ആദ്യം പ്രവാസി സ്ത്രീയാണ് മരിച്ചത്.പിന്നീട് ആശുപത്രിയിൽ പ്രവേശിച്ച ഒമാനി പൗരൻ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത 'യുറാനസ് സ്റ്റാർ'എന്ന കുപ്പിവെള്ളത്തിൽനിന്നാണ് വിഷബാധയേറ്റത് എന്ന് അധികൃതർ കണ്ടെത്തി. ലബോറട്ടറി വിശകലനത്തിൽ ഉൽപന്നത്തിൽ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, ഈ ബ്രാൻഡ് കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിക്കാൻ ആർ.ഒ.പി ഉത്തരവിട്ടു.
വിപണികളിൽ ഈ ഉൽപ്പന്നം ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പരിശോധനാ സംഘങ്ങൾ വിവിധ കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും വിപുലമായ ഫീൽഡ് കാമ്പയ്നുകൾ നടത്തിവരികയാണ്. കൂടാതെ, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതിയും സർക്കാർ നിരോധിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത കുപ്പിവെള്ളമോ ഉപഭോഗവസ്തുക്കളോ ഉണ്ടെന്ന് സംശയിക്കുന്ന കേസുകൾ ഉടൻ തന്നെ യോഗ്യതയുള്ള അധികാരികളെ അറിയിക്കണമെന്നും അധികാരികൾ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.