< Back
Oman
Oman enforces new rules for reporting oil and chemical spills with fines up to RO 5,000
Oman

പണി കിട്ടും!; ഒമാനിൽ എണ്ണ-രാസച്ചോർച്ച റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കനത്ത പിഴ

Web Desk
|
4 Feb 2026 5:56 PM IST

റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 1,000 മുതൽ 5,000 റിയാൽ വരെ പിഴ

മസ്കത്ത്: ഒമാനിൽ എണ്ണ-രാസവസ്തുക്കൾ എന്നിവയുടെ ചോർച്ച റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ കനത്ത പിഴ ഈടാക്കുമെന്ന് പരിസ്ഥിതി വകുപ്പ് അറിയിച്ചു. പുതിയ നിയമപ്രകാരം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 1,000 മുതൽ 5,000 റിയാൽ വരെ പിഴ ചുമത്താം. ‌തെറ്റായ വിവരങ്ങൾ നൽകിയാൽ 2,000 മുതൽ 5,000 റിയാൽ വരെയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാക്കുകയും ചെയ്യും.

പരിസ്ഥിതി ആഘാതങ്ങൾ ലഘൂകരിക്കുക, പ്രതികരണക്ഷമത വർധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണ നടപടികൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. 100 ലിറ്ററിൽ താഴെയുള്ളവയെ 'ചെറിയ ആഘാതം' (Minor) എന്നും, 100 ലിറ്ററിൽ കൂടുതലോ അല്ലെങ്കിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നവയോ ആണെങ്കിൽ അവയെ 'ഗുരുതരം' (Major) എന്നും കണക്കാക്കും. എല്ലാ ആഘാതങ്ങളും റിപ്പോർട്ട് ചെയ്യൽ നിർബന്ധമാണ്.

ഏതെങ്കിലും സ്ഥാപനത്തിലോ പരിസരത്തോ ചോർച്ച ശ്രദ്ധയിൽപ്പെട്ടാൽ 8 മണിക്കൂറിനുള്ളിൽ പരിസ്ഥിതി അതോറിറ്റിക്ക് ഉടമ രേഖാമൂലം റിപ്പോർട്ട് നൽകിയിരിക്കണം. ചോർച്ച ഉണ്ടായ സമയം, സ്ഥലം, കാരണം, മലിനീകരണത്തിൻ്റെ അളവ്, അത് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ റിപ്പോർട്ടിൽ വ്യക്തമാക്കണം എന്നും വ്യവസ്ഥയുണ്ട്. സംഭവം കൈകാര്യം ചെയ്യുന്നതിൽ പരിസ്ഥിതി അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാനും ഉടമകൾക്ക് ബാധ്യതയുണ്ട്. ഓരോ സംഭവത്തിൻ്റെയും വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തുകയും ആ റെക്കോർഡുകൾ 3 വർഷം വരെ സൂക്ഷിക്കുകയും വേണം. 10 ദിവസത്തിനുള്ളിൽ ചോർച്ച ആവർത്തിച്ചാൽ പ്രത്യേക മെച്ചപ്പെടുത്തൽ പ്ലാൻ സമർപ്പിക്കണമെന്നും നിയമം പറയുന്നു.

Similar Posts