< Back
Oman
ഗൾഫ് കപ്പ് ടി20 കിരീടം നിലനിർത്താനൊരുങ്ങി ഒമാൻ
Oman

ഗൾഫ് കപ്പ് ടി20 കിരീടം നിലനിർത്താനൊരുങ്ങി ഒമാൻ

Web Desk
|
10 Dec 2024 11:00 PM IST

കഴിഞ്ഞ വർഷം യുഎഇയെ മലർത്തിയടിച്ചാണ് ഒമാൻ ഗൾഫ് കപ്പ് ടി20 കിരീടത്തിൽ മുത്തമിട്ടത്

മസ്‌കത്ത്: ഗൾഫ് കപ്പ് ടി20 കിരീടം നിലനിർത്താനൊരുങ്ങി ഒമാൻ. അടുത്തിടെ നെതർലൻഡ്സിനെതിരെ ടി20യിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഒമാൻ യുഎഇയിലിലേക്ക് വിമാനം കയറുന്നത്. ഡിസംബർ 13 മുതൽ 21വരെയാണ് ടൂർണമെന്റ്. കഴിഞ്ഞ വർഷം യുഎഇയെ മലർത്തിയടിച്ചാണ് ഒമാൻ ഗൾഫ് കപ്പ് ടി20 കിരീടത്തിൽ മുത്തമിട്ടത്. ഇപ്രാവശ്യം അത് വീണ്ടും ആവർത്തിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് താരങ്ങൾക്കും ആരാധകകർക്കുമുളളത്.

ഡിസംബർ 13 മുതൽ 21വരെ ദുബൈയിൽ നടക്കുന്ന ടൂർണമെന്റിനായി ഒമാൻ ടീം നാളെ പുറപ്പെടും. ഒമാനെ കൂടാതെ യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ആദ്യ ഘട്ട മത്സരങ്ങൾ ഐ.സി.സി അക്കാദമി ഗ്രൗണ്ടിലാണ് നടക്കുക. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരിക്കും ഫൈനൽ പോരാട്ടം. ഒമാന്റെ സമീപകാല നേട്ടങ്ങൾ പ്രതീക്ഷ നൽകുന്നതണെന്നും അടുത്തിടെ നെതർലൻഡ്സിനെതിരായ ട്വന്റി20യിലെ വിജയം ടീമിന്റെ മനോവീര്യം വർധിപ്പിച്ചിട്ടുണ്ടെന്നും ഒമാന്റെ പരിശീലകൻ ദുലീപ് മെൻഡിസ് പറഞ്ഞു.

മികച്ച പ്രകടനം നടത്തി ടീമിന് കിരീടം നിലനിർത്താൻ സാധിക്കുമെന്നും ഏത് വെല്ലുവിളികളും നേരിടാൻ ടീ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 14ന് ആതിഥേയരായ യു.എ.ഇക്കെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. 15ന് ഖത്തറിനെതിരെയും 17ന് കുവൈത്തിനെതിരെയും 18ന് ബഹ്റൈനെതിരെയും ഏറ്റുമുട്ടും 19 നാണ് സൗദി അറേബ്യക്കെതിരായ മത്സരം. പരിചയ സമ്പന്നനായ ക്യാപ്റ്റൻ ജതീന്ദർ സിങിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം വീണ്ടും കപ്പുയർത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Similar Posts