< Back
Oman
Oman Kite Festival ends
Oman

ഒമാൻ കൈറ്റ് ഫെസ്റ്റിവലിന് തിരശീല വീണു

Web Desk
|
26 July 2025 3:39 PM IST

പത്ത് ദിവസം നീണ്ടുനിന്ന മേളയിൽ 90 ലധികം അത്ലറ്റുകൾ പങ്കെടുത്തു

മസ്‌കത്ത്: സുൽത്താനേറ്റിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന ഒമാൻ കൈറ്റ് ഫെസ്റ്റിവലിന് തിരശീല വീണു. പത്ത് ദിവസം നീണ്ടുനിന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 90 ലധികം അത്ലറ്റുകളാണ് പങ്കെടുത്തത്. സൗത്ത് ഷർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലായിരുന്നു പരിപാടി. നാല് ഘട്ടങ്ങളിലായി നടന്ന മൾട്ടി സ്റ്റേജ് ഡൗൺവൈൻഡർ റേസിൽ അയ്മാൻ അബ്ദുല്ല അൽ ഗഫ്രി കിരീടമണിഞ്ഞു. അൽ മുഖ്താർ അബ്ദുൽകരീം അൽ മുജൈനി രണ്ടാം സ്ഥാനവും ഈജിപ്ത് അത്ലറ്റ് അഹമ്മദ് മുഹമ്മദ് ജമാൽ മൂന്നാം സ്ഥാനവും നേടി.

സൂറിലെ വിലായത്തിൽ നടന്ന സ്ലാലോം റേസിൽ മാജിദ് അൽ ഖറൂസിക്കണ് കിരീടം. സൗത്ത് ഷർഖിയ ഗവർണർ ശൈഖ് ഡോ. യഹ്യ ബദർ അൽ മാവാലിയുടെ സാന്നിധ്യത്തിലായിരുന്നു സമാപന ചടങ്ങുകൾ. സാഹസിക ടൂറിസത്തെ പിന്തുണയ്ക്കുന്നതിനും ആഗോള കായിക, ടൂറിസം ഭൂപടത്തിൽ ഒമാന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനും കൈറ്റ് ഫെസ്റ്റിവൽ ഒരു മുതൽകൂട്ട് തന്നെയായെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.

ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി ഒമ്രാൻ ഗ്രൂപ്പ്, ഒമാൻ സെയിൽ, വിസിറ്റ് ഒമാൻ, ഒമാൻ അഡ്വഞ്ചർ സെന്റർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഒമാന്റെ തീരദേശ പരിസ്ഥിതിയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ ടൂറിസം അനുഭവം സമ്മാനിക്കുന്നതായിരുന്നു ഫെസ്റ്റിവൽ. പാരിസ്ഥിതിക വൈവിധ്യം മുതൽ അനുകൂലമായ കാറ്റും കാലാവസ്ഥയും വരെയുള്ള രാജ്യത്തിന്റെ അനുയോജ്യമായ തീരദേശ സാഹചര്യങ്ങളും ഫെസ്റ്റിവലിനെ വേറിട്ടതാക്കി.

Similar Posts