< Back
Oman
സൗഹൃദം ഊട്ടിയുറപ്പിച്ച കൂടിക്കാഴ്ച, സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാൻ ഒമാനും കുവൈത്തും
Oman

സൗഹൃദം ഊട്ടിയുറപ്പിച്ച കൂടിക്കാഴ്ച, സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാൻ ഒമാനും കുവൈത്തും

Web Desk
|
14 Oct 2025 10:38 PM IST

റോയൽ ഏയർപോർട്ടിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തി കുവൈത്ത് അമീറിനെ വരവേറ്റു

മസ്കത്ത്: ഒരു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി കുവൈത്ത് അമീർ ഒമാനിൽ നിന്ന് മടങ്ങി. അൽ ബറക കൊട്ടാരത്തിൽ വെച്ചാണ് കുവൈത്ത് അമീർ ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് സൗഹൃദരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചാണ് അമീർ മടങ്ങിയത്. ഇന്ന് രാവിലെ റോയൽ എയപോർട്ടിൽ എത്തിയ കുവൈത്ത് അമീർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹിന് അധികൃതർ ഊഷ്മള വവേൽപ്പ് നൽകി. റോയൽ ഏയർപോർട്ടിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തി അമീറിനെ വരവേറ്റു. മുതിർന്ന ഒമാനി ഉദ്യോഗസ്ഥരുടെയും റോയൽ കോടതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സ്വീകരണം.

അൽ ബറക കൊട്ടാരത്തിൽ ഇരുനേതാക്കളും സാഹോദര്യ കൂടിക്കാഴ്ചയും നടത്തി. വിവിധ മേഖലകളിലായി ഉഭയകക്ഷി പങ്കാളിത്തവും നിക്ഷേപങ്ങളും വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ പരിശോധിച്ചു. ഒമാനി, കുവൈത്ത് ജനതയുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തിക, വാണിജ്യ, നിക്ഷേപ സഹകരണത്തിനായി പുതിയ പാതകൾ തുറക്കുന്നതിലായിരുന്നു ചർച്ച. പൊതുവായ ആശങ്കയുളള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. കുവൈത്ത് അമീറിനും പ്രതിനിധി സംഘത്തിനും റോയൽ വിമാനത്താവളത്തിലെത്തി സുൽത്താൻ യാത്രയയപ്പ് നൽകി.

Similar Posts