
ലൈസൻസില്ലാതെ സ്വകാര്യ പരിശീലനം: നടപടിക്കൊരുങ്ങി ഒമാൻ തൊഴിൽ മന്ത്രാലയം
|പരിശീലന പരിപാടികൾ നടത്താൻ ആഗ്രഹിക്കുന്നവർക്കു സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ അംഗീകരിച്ച ഔദ്യോഗിക മാർഗങ്ങൾ വഴി ലൈസൻസ് സ്വന്തമാക്കാം
മസ്‌കത്ത്: ലൈസൻസില്ലാതെ സ്വകാര്യ പരിശീലന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഒമാൻ തൊഴിൽ മന്ത്രാലയം. നേരിട്ടോ ഓൺലൈൻ വഴിയോ അല്ലെങ്കിൽ സംയോജിത ഫോർമാറ്റിൽ ഉള്ളതോ ആയ എല്ലാ സ്വകാര്യ പരിശീലന പ്രവർത്തനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്. ഇവയെല്ലാം നേരിട്ടുള്ള നിയന്ത്രണത്തിനും മേൽനോട്ടത്തിനും വിധേയമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ലൈസൻസില്ലാതെ സ്വകാര്യ പരിശീലന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യക്തികളോ സ്ഥാപനങ്ങളോ നിയമനടപടികൾ നേരിടേണ്ടിവരും. പരിശീലന പരിപാടികൾ, കോഴ്സുകൾ, വർക്ക്ഷോപ്പുകൾ, സമാനമായ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള സ്വകാര്യ പരിശീലന പ്രവർത്തനങ്ങളും ഇതിന്റെ പരിധിയിൽ വരും.
ലൈസൻസ് നേടാതെ സ്വകാര്യ പരിശീലനം നടത്തിയായാൽ പിഴ ചുമത്തൽ, പ്രവർത്തനം താത്ക്കാലികമായി നിർത്തിവെക്കൽ, നിയമലംഘകരെ ഉചിത അധികാരികൾക്ക് റഫർ ചെയ്യൽ തുടങ്ങിയ നിയമ നടപടികൾക്ക് വിധേയമാകും. പരിശീലന പരിപാടികൾ നടത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ അംഗീകരിച്ച ഔദ്യോഗിക മാർഗങ്ങൾ വഴി ലൈസൻസ് സ്വന്തമാക്കാം.