
സഞ്ചാരികളുടെ മനംനിറക്കാൻ വൻ ടൂറിസം പദ്ധതികൾക്കായി 10 കോടി റിയാലിന്റെ കരാറുകൾ ഒപ്പിട്ട് ഒമാൻ
|മസ്കത്ത് ഉൾപ്പെടെ എട്ട് ഗവർണറേറ്റുകളിലാണ് പദ്ധതികൾ
മസ്കത്ത്: ഒമാനിൽ വൻകിട ടൂറിസം പദ്ധതികളുമായി അധികൃതർ. പദ്ധതികൾ വികസിപ്പിക്കാനായി 10 കോടി റിയാലിന്റെ കരാറുകൾ ഒപ്പിട്ടു. 2025 ജനുവരി മുതൽ സെപ്തംബർ വരെ ഒമാൻ സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിലായി 10 കോടി ഒമാനി റിയാൽ മൂല്യമുള്ള 36 ഉപഭോഗ കരാറുകളിൽ ഒപ്പിട്ടതായി പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസം വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടൂറിസം മേഖലയിൽ മന്ത്രാലയം നിക്ഷേപം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. മസ്കത്ത്, ദോഫാർ, ദാഖിലിയ, സൗത്ത് ബാത്തിന, ബുറൈമി, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, മുസന്ദം ഗവർണറേറ്റുകളിലാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.
മസ്കത്ത് ഗവർണറേറ്റിൽ 4 കരാറുകളാണ് ഒപ്പിട്ടത്. കുറിയാത്ത് വിലായത്തിൽ 2 ടൂറിസ്റ്റ് ക്യാമ്പുകളും, ബൗഷർ വിലായത്തിൽ 3-സ്റ്റാർ റിസോർട്ടും ഒരു സംയോജിത ടൂറിസം കോംപ്ലക്സും നിർമിക്കും. ദോഫാർ ഗവർണറേറ്റിൽ 2 കരാറുകൾ ഒപ്പിട്ടു. രാഖിയാത്ത് വിലായത്തിൽ നിലവിലുള്ള ടൂറിസ്റ്റ് റിസോർട്ട് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആദ്യത്തേത്. രണ്ടാമത്തേത് ഗവർണറേറ്റിൽ ഒരു സംയോജിത ടൂറിസ്റ്റ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനാണ്. ദാഖിലിയ ഗവർണറേറ്റിൽ 10 കരാറുകളുണ്ട്. ജബലു ശംസിലെ 3 സ്റ്റാർ ഹോട്ടലുകളും വിവിധ ഭാഗങ്ങളിലുൽ ടൂറിസം റിസോർട്ടുകളും ഒരു ടൂറിസ്റ്റ് ക്യാമ്പും നിർമിക്കും. ജബലു അഖ്ദറിൽ വൺ സ്റ്റാർ ഹോട്ടലും സ്ഥാപിക്കും. ഇപ്രകാരം മറ്റു ഗവർണറേറ്റുകളിലും വലിയ ടൂറിസം പദ്ധതികളാണ് നടപ്പാക്കുന്നത്.