< Back
Oman
സ്നൂക്കർ ലോകകപ്പിന് ഒമാൻ ആതിഥേയത്വം വഹിക്കും
Oman

സ്നൂക്കർ ലോകകപ്പിന് ഒമാൻ ആതിഥേയത്വം വഹിക്കും

Web Desk
|
1 Oct 2025 3:05 PM IST

35 രാജ്യങ്ങളിൽനിന്നുള്ള 120ലധികം മത്സരാർഥികൾ പങ്കെടുക്കും

മസ്‌കത്ത്: സ്നൂക്കർ ലോകകപ്പിന് ഒമാൻ ആതിഥേയരാകും. 35 രാജ്യങ്ങളിൽ നിന്നുള്ള 120-ൽ അധികം ക്യൂയിസ്റ്റുകൾ മത്സരിക്കുന്ന പുരുഷ സിംഗിൾസ്, പുരുഷ ടീം മത്സരങ്ങൾ നവംബർ 15 മുതൽ 23 വരെ മസ്‌കത്തിൽ വെച്ചാണ് നടക്കുക. ചൊവ്വാഴ്ച ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ നടന്ന പത്രസമ്മേളനത്തിലാണ് ഒമാൻ വിജയകരമായ ബിഡ്ഡിനെക്കുറിച്ച് സംസാരിച്ചത്.

ഇന്റർനാഷണൽ ബില്ല്യാർഡ്‌സ് ആൻഡ് സ്നൂക്കർ ഫെഡറേഷന്റെ (ഐ ബി എസ് എഫ്) മേൽനോട്ടത്തിലാണ് ടൂർണമെന്റ് നടക്കുക. സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, സുഹാർ ഇന്റർനാഷണൽ ബാങ്ക്, ആക്ടീവ് ഒമാൻ എന്നിവയാണ് ലോകകപ്പിന് പിന്തുണ നൽകുന്നത്. ഉയർന്ന നിലവാരത്തിൽ പ്രധാന കായിക ഇനങ്ങൾ സംഘടിപ്പിക്കാനുള്ള ഒമാന്റെ കഴിവിൽ അന്താരാഷ്ട്ര സമൂഹം വെച്ചുപുലർത്തുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ ബിഡ്ഡിങ് വിജയമെന്ന് ഒമാൻ ബില്ല്യാർഡ്‌സ് ആൻഡ് സ്നൂക്കർ കമ്മിറ്റി (ഒ ബി എസ് സി) ചെയർമാൻ ഖാലിദ് ബിൻ ഖൽഫാൻ റാഷിദ് അൽ സുബ്ഹി അഭിപ്രായപ്പെട്ടു. വ്യക്തമായ കാഴ്ചപ്പാടും സമഗ്രമായ സംഘടനാ ചട്ടക്കൂടും ഉള്ളതുകൊണ്ടാണ് ഒമാന്റെ നിർദേശം മറ്റ് ബിഡ്ഡുകളെ മറികടന്നതെന്നും, ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ സ്നൂക്കർ ടീമിനോടുള്ള കമ്മിറ്റിയുടെ പ്രതിബദ്ധതയും സുബ്ഹി എടുത്തുപറഞ്ഞു. കളിക്കാർ ഒമാനെ പ്രതിനിധീകരിക്കാൻ തയ്യാറാണെന്ന് ഉറപ്പുവരുത്തുന്നതിനായുള്ള സമഗ്രമായ ഒരു തയ്യാറെടുപ്പ് പദ്ധതി അദ്ദേഹം രൂപരേഖയിൽ വിശദീകരിച്ചു. കായിക രംഗത്തിനപ്പുറം, ഇത് കായിക ടൂറിസത്തെ ഉത്തേജിപ്പിക്കുമെന്നും ഒമാനി യുവാക്കൾക്ക് ലോകത്തിലെ മികച്ച കളിക്കാരുമായി സംവദിക്കാൻ അവസരം നൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഐ ബി എസ് എഫ് പ്ലാറ്റ്‌ഫോമുകൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ, ഒ ബി എസ് സിയുടെ ഔദ്യോഗിക ചാനലുകൾ എന്നിവയിൽ വിപുലമായ മീഡിയ കവറേജ് ഈ ഇവന്റിന് ലഭിക്കും. ഇത് രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രേക്ഷകർക്കും മത്സരം പിന്തുടരാൻ സൗകര്യമൊരുക്കും.

Similar Posts