< Back
Oman
Oman to introduce third phase of plastic bag ban next month
Oman

ഒമാനിൽ പ്ലാസ്റ്റിക് സഞ്ചി നിരോധനത്തിലെ മൂന്നാം ഘട്ടം അടുത്ത മാസം മുതൽ

Web Desk
|
23 Jun 2025 9:00 PM IST

പഴം, പച്ചക്കറി കടകളിലും ബേക്കറികളിലും പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കരുത്

മസ്‌കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിലെ മൂന്നാം ഘട്ടം അടുത്ത മാസം മുതൽ നടപ്പിൽ വരും. പഴം, പച്ചക്കറി കടകളിലും ബേക്കറികളിലും ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കരുത്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി അതോറിറ്റി അഭ്യർത്ഥിച്ചു.

ജൂലൈ ഒന്ന് മുതൽ പഴം, പച്ചക്കറി കടകൾ, ഭക്ഷണശാലകൾ, മിഠായി കടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബേക്കറികൾ എന്നിവിടങ്ങളിലൊന്നും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. പകരം തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കണം.

രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഘട്ടം ഘട്ടമായുളള നിരോധനം. ആദ്യഘട്ട നിരോധനം ആരോഗ്യ സ്ഥാപനങ്ങളിൽ 2024 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതൽ ടെക്‌സ്‌റ്റൈൽസ് -തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ കടകൾ, ഫർണിച്ചർ സ്റ്റോറുകൾ തുടങ്ങിയവയിലും പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഉപഭോക്താക്കളെ പുതിയ മാറ്റത്തിലേക്ക് എത്തിക്കാനായി പരിസ്ഥിതി അതോറിറ്റി കാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്തു. അതേസമയം, നിയമം ലംഘിച്ചാൽ 50മുതൽ 1000 റിയാൽവരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാവും. തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി വരും ദിവസങ്ങളിൽ അധികൃതർ പരിശോധന കർശനമാക്കും.

Related Tags :
Similar Posts