< Back
Oman
Oman unveils unified Disability Card to enhance access to services
Oman

സേവനങ്ങൾ ഒറ്റ ക്ലിക്കിൽ!; ഒമാനിൽ‍ ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ്

Web Desk
|
3 Feb 2026 5:06 PM IST

വിദേശികൾക്കും കാർഡിന് അപേക്ഷിക്കാം

മസ്കത്ത്: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏകീകൃത 'ഡിസബിലിറ്റി കാർഡ്'പുറത്തിറക്കി ഒമാൻ സാമൂഹിക വികസന മന്ത്രാലയം. അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി. സാമൂഹിക തുല്യത ഉറപ്പാക്കാനുള്ള ഒമാന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഔദ്യോഗിക രേഖ അവതരിപ്പിച്ചത്. ഈ കാർഡ് നിലവിൽ വരുന്നതോടെ ഭിന്നശേഷിക്കാർക്ക് വിവിധ മന്ത്രാലയങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടസ്സമില്ലാതെ വേഗത്തിൽ ലഭ്യമാകും.

ഒമാൻ പൗരന്മാർക്ക് പുറമെ, ഒമാനി അമ്മമാർക്ക് ജനിച്ചവർക്കും ഒമാനിൽ താമസിക്കുന്ന വിദേശികൾക്കും കാർഡിന് അപേക്ഷിക്കാം. മന്ത്രാലയം അംഗീകരിച്ച വിഭാഗങ്ങളിൽ പെടുന്ന ഭിന്നശേഷിക്കാർക്കായിരിക്കും കാർഡ് അനുവദിക്കുക. ശാരീരിക വൈകല്യങ്ങൾ, ബൗദ്ധിക വൈകല്യങ്ങൾ, കേൾവി-കാഴ്ച പരിമിതികൾ, ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ്, ഡൗൺ സിൻഡ്രോം തുടങ്ങിയവ ഉള്ളവരെയാണ് ഭിന്നശേഷിക്കാരായി പരി​ഗണിക്കുക.

അർഹരായവർക്ക് സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഇ-സർവീസ് പോർട്ടൽ (Eservices.mosd.gov.om) വഴിയോ ഏകീകൃത സർക്കാർ സേവന പോർട്ടൽ (www.gov.om) വഴിയോ അപേക്ഷിക്കാം. കൂടാതെ വിവിധ ഗവർണറേറ്റുകളിലെ സോഷ്യൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റുകൾ വഴിയും കാർഡ് ലഭ്യമാകും. രണ്ട് തരത്തിലുള്ള വിലയിരുത്തലുകളിലൂടെയാണ് അർഹത നിശ്ചയിക്കുന്നത്. മന്ത്രാലയം നേരിട്ട് നടത്തുന്ന പ്രവർത്തനപരമായ പരിശോധനയ്ക്ക് പുറമെ, ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ പരിശോധനകൾക്കും വിധേയമാകേണ്ടതുണ്ട്. ഇതിലൂടെ വൈകല്യത്തിന്റെ കൃത്യമായ കാരണവും തീവ്രതയും നിശ്ചയിച്ച് ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട് നൽകും.

Similar Posts