< Back
Oman
Indian rupee strengthens; Omani riyal exchange rate falls
Oman

ഇന്ത്യൻ രൂപ ശക്തി പ്രാപിക്കുന്നു; ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞു

Web Desk
|
17 April 2025 9:48 PM IST

ഒരു റിയാലിന് 221.80 രൂപ

മസ്‌കത്ത്: ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിനിമയ നിരക്ക് ഒരു ഒമാൻ റിയാലിന് 221.80 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി റിയാലിന്റെ വിനിമയ നിരക്ക് കുറയുകയാണ്. ഫെബ്രുവരി എട്ടിന് ഒരു റിയാലിന് റെക്കോർഡ് വിനിമയനിരക്കായ 227 രൂപ വരെ എത്തിയ ശേഷമാണ് താഴേക്ക് വന്നത്.

കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഒരു ഡോളറിന്റെ വില 87.70 രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഡോളറിന്റെ വില 85.54 രൂപയായി കുറഞ്ഞു. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർധിച്ചതും എണ്ണ വില ഇടിഞ്ഞതുമാണ് ഇന്ത്യൻ രൂപ ശക്തിപ്പെടാൻ പ്രധാന കാരണം. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റിയൂഷനൽ ഇൻവെസ്റ്റേഴ്‌സ് എന്ന വിദേശ നിക്ഷേപകർ ചൊവ്വാഴ്ച മാത്രം 6,065.78 കോടി രൂപയാണ് ഇന്ത്യൻ മാർക്കറ്റിൽ നിക്ഷേപിച്ചത്.

അതിനിടെ ഡോളർ ശക്തി കുറഞ്ഞതും ഇന്ത്യൻ രൂപക്ക് അനുഗ്രഹമായി. ആറ് യൂറോപ്യൻ കറൻസികളെ അപേക്ഷിച്ച് ഡോളറിന്റെ മൂല്യം കാണിക്കുന്ന ഡോളർ ഇൻഡക്‌സിൽ കുറവുണ്ടായതും രൂപക്ക് അനുകൂല ഘടകമായി. ഡോളർ ഇൻഡക്‌സ് 0.47 ശതമാനം കുറഞ്ഞ് 99.49 പോയന്റിൽ എത്തി. 2022 മാർച്ച് ഒന്നിനാണ് ഡോളറിന് സമാന നിരക്കുണ്ടായിരുന്നത്. അസംസ്‌കൃത എണ്ണ വിലയിലും വലിയ കുറവാണുള്ളത്. എണ്ണ വില കുറഞ്ഞ് ബാരലിന് 64.44 ഡോളറിലെത്തി. ഇത് കഴിഞ്ഞ നാല് വർഷത്തിനുള്ളിലെ എറ്റവും കുറഞ്ഞ എണ്ണ വിലയാണ്. ഇതോടെ ഇന്ത്യയിലെ മൊത്ത വ്യാപാര പണപ്പെരുപ്പം ആറ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തുകയും ചെയ്തിരുന്നു.

Similar Posts