< Back
Oman
ഒമാനിലെ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം; മൂന്നാം ഘട്ടത്തിന് മികച്ച പ്രതികരണം
Oman

ഒമാനിലെ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം; മൂന്നാം ഘട്ടത്തിന് മികച്ച പ്രതികരണം

Web Desk
|
26 July 2025 9:43 PM IST

മൂന്നാം ഘട്ടം ജൂലൈ ഒന്ന് മുതലാണ് നടപ്പിലാക്കിത്തുടങ്ങിയത്

മസ്കത്ത്: ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും നിരോധിക്കുന്നതിന്റെ ഭാ​ഗമായുള്ള മൂന്നാം ഘട്ടത്തിന് മികച്ച പ്രതികരണം. പരിസ്ഥിതി സൗഹൃദ ബാഗുകൾ സൗജന്യമായി നൽകാനുള്ള മന്ത്രാലയത്തിന്റെ നിർ​ദേശം പ്രാവർത്തികമാക്കുകയാണ് വാണിജ്യ സ്ഥാപനങ്ങൾ. നിരോധനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനായി പ്ലാസ്റ്റിക് നിർമാണ ഫാക്ടറികളുടെ ഉടമകളുമായി അധികൃതർ ദോഫാറിൽ യോഗം ചേർന്നു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതിനുള്ള ദേശീയ സംരംഭത്തിന്റെ മൂന്നാം ഘട്ടം ജൂലൈ ഒന്ന് മുതലാണ് നടപ്പിലാക്കിത്തുടങ്ങിയത്. ചില്ലറ വിൽപ്പന, ഭക്ഷ്യ മേഖലകളിലെ അധിക വിഭാഗങ്ങൾ കൂടി നിരോധനത്തിന്റെ പരിധിയിൽ വന്നിരുന്നു. മൂന്നാം ഘട്ടത്തിൽ നിരോധനം വന്ന വാണിജ്യ സ്ഥാപനങ്ങൾ പരിസ്ഥിതി സൗഹൃദ ബാ​ഗുകൾ സൗജന്യമായി തന്നെ നൽകുന്നുണ്ട്. പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വൃത്തിയുള്ള പരിസ്ഥിതിക്ക് പിന്തുണ നൽകുന്നതിനായി ഒമാൻ എൻവിയോൺമെന്റ് അതോറിറ്റി കാമ്പയിനും ഒരുവശത്ത് നടക്കുന്നുണ്ട്.

അതേസമയം, പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ദോഫാറിൽ യോഗം ചേർന്നു. ഗവർണറേറ്റിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പും പരിസ്ഥിതി അതോറിറ്റിയും പ്ലാസ്റ്റിക് നിർമാണ ഫാക്ടറികളുടെ ഉടമകളുമായായിരുന്നു യോഗത്തിൽ പങ്കെടുത്തത്. വ്യവസായ പങ്കാളികളുമായി നേരിട്ടുള്ള സംഭാഷണം ആരംഭിക്കുക, നിരോധനത്തിന്റെ നിലവിലെ ആഘാതം വിലയിരുത്തുക, ഒമാന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന സുസ്ഥിര ബദലുകൾ പര്യവേക്ഷണം ചെയ്യുക, പ്രാദേശിക വ്യാവസായിക മേഖലയുടെ തുടർച്ചയെയും പൊരുത്തപ്പെടുത്തലിനെയും പിന്തുണക്കുക എന്നിവയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.

Similar Posts