< Back
Oman
Omans tallest flagpole unveiled at Al Khuwair Square
Oman

126 മീറ്റർ ഉയരം; അൽ ഖുവൈർ സ്‌ക്വയറിൽ ഒമാനിലെ ഏറ്റവും ഉയരമുള്ള കൊടിമരം അനാച്ഛാദനം ചെയ്തു

Web Desk
|
23 May 2025 5:28 PM IST

ദേശീയ പതാകക്ക് 25 മീറ്റർ നീളവും 44 മീറ്റർ വീതിയും

മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരമുള്ള കൊടിമരം അൽ ഖുവൈർ സ്‌ക്വയറിൽ അനാച്ഛാദനം ചെയ്തു. 126 മീറ്റർ ഉയരമുള്ള കൊടിമരം വ്യാഴാഴ്ച മസ്‌കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിലാണ് രാഷ്ട്രത്തിന് സമർപ്പിച്ചത്. നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ 25 മീറ്റർ നീളവും 44 മീറ്റർ വീതിയുമുള്ള കൂറ്റൻ ഒമാനി ദേശീയ പതാകയാണ് കൊടിമരത്തിലുള്ളത്.

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിതിയാണ് കൊടിമരം. 135 ടൺ സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച കൊടിമരത്തിൽ വിമാന മുന്നറിയിപ്പ് ലൈറ്റ് സംവിധാനമുണ്ട്. കൊടിമരത്തിന്റെ പുറം വ്യാസം അടിഭാഗത്ത് 2,800 മില്ലീമീറ്ററും മുകളിൽ 900 മില്ലീമീറ്ററുമാണ്. 10 ദശലക്ഷം ഡോളറിന്റെ പദ്ധതിക്ക് ജിൻഡാൽ സ്റ്റീൽ സുഹാറാണ് പൂർണമായും ധനസഹായം നൽകിയത്. ചടങ്ങിൽ മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.





18,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അൽ ഖുവൈർ സ്‌ക്വയർ പദ്ധതി, മസ്‌കത്ത് മുനിസിപ്പാലിറ്റിയും ജിൻഡാൽ ഷദീദ് അയൺ ആൻഡ് സ്റ്റീലും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഫലമാണ്. ഈ പ്രദേശം 18,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു മൾട്ടി പർപ്പസ് പ്രോജക്റ്റായി വികസിപ്പിക്കും, അതിൽ ബിസിനസ് പ്രവർത്തനങ്ങൾക്കും വിനോദത്തിനും വേണ്ടി നീക്കിവച്ചിരിക്കുന്ന വലിയ പ്രദേശവും ഉണ്ടാകും.

Similar Posts